ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നതിനായുള്ള ബബ്ബിൾ സിസ്റ്റം നിർത്തലാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പാർലമെന്റിലെ കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ഓഗസ്റ്റ് 16 മുതൽ കോവിഡ് പോസിറ്റീവ് ആയാൽ മാത്രം 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഐസൊലേഷനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ മാർച്ചിൽ സ്കൂളുകൾ തുറന്നപ്പോഴാണ് ബബ്ബിൾ സംവിധാനം നടപ്പിലാക്കിയത്. പുതിയ നടപടി കുട്ടികളുടെ ഹാജർ കാര്യമായി കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് തങ്ങളുടെ ജോലിയോടൊപ്പം കുട്ടികളെ നോക്കുവാൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെ മേൽ ഇരട്ടി സമ്മർദ്ദം ചെലുത്തിയതായാണ് കണ്ടെത്തൽ. എന്നാൽ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബബ്ബിൾ സംവിധാനം ഒഴിവാക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച്, ഈ ഗ്രൂപ്പുകൾ തമ്മിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം എന്നാണ് നിയമം. ഇത്തരം ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒരു കുട്ടി പോസിറ്റീവ് ആയാൽ, മുഴുവൻ ഗ്രൂപ്പും ഐസൊലേഷനിൽ കഴിയേണ്ടതാണ്. ഈ നിയമത്തിനാണ് മാറ്റം വരുന്നത്. പുതിയ നിയമമനുസരിച്ച് പോസിറ്റീവ് ആയാൽ മാത്രം ഐസലേഷനിൽ കഴിഞ്ഞാൽ മതി.


ബബിൾ സംവിധാനം കുട്ടികളുടെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്നതായി കണ്ടെത്തിയതായി വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. ഈ സിസ്റ്റം ഒഴിവാക്കുന്നതോടൊപ്പം, ടെസ്റ്റിംഗ് സംവിധാനം കൂടുതൽ ഫലപ്രദമാക്കാൻ ആണ് തീരുമാനം. കുട്ടികൾക്കായി മാത്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സ്വീകാര്യമായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഓടെ പഴയ രീതിയിൽ പരീക്ഷകൾ നടത്തുന്ന സംവിധാനം നടപ്പിലാക്കണമെന്നാണ് ആഗ്രഹമെന്നും വിദ്യാഭ്യാസ സെക്രട്ടറി കൂട്ടിച്ചേർത്തു. ജൂലൈ 19ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഇളവുകളിൽ, സ്കൂളുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.