ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ്പ്രതിഷേധം ശക്തമാകുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനേയും മറ്റ് അഞ്ചു വിദ്യാര്‍ത്ഥികളേയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിട്ടയക്കുക, ക്യാംപസിനുള്ളില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ മേല്‍ അന്യായമായി ചുമത്തിയ രാജ്യദ്രോഹകുറ്റം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു വൈകുന്നേരം ക്യാംപസിനുള്ളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനും ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ ക്യാംപസില്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ പിന്തുണച്ച് അധ്യാപകരടക്കമുളള ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ക്യാംപസില്‍ നിന്നും ഏഴു വിദ്യാര്‍ഥികളെ അന്വേഷണങ്ങളുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഹോസ്റ്റലില്‍ താമസിക്കാമെങ്കിലും ഇവര്‍ക്ക് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ അഞ്ചുവിദ്യാര്‍ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച ഒരുവിഭാഗം ഇടതു വിദ്യാര്‍ത്ഥി സംഘടനകളും കശ്മീരി വിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തിയ പ്രതിഷേധയോഗം എബിവിപി പ്രവര്‍ത്തകര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വിദ്യാര്‍ത്ഥികളുടെ ചടങ്ങിനെതിരെ എബിവിപി സര്‍വകലാശാല അധികൃതരോട് പരാതിപ്പെടുകയും അധികൃതര്‍ യോഗത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ചിലര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.