ദിനേശ് വെള്ളാപ്പള്ളി

ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ലോകൈക ദര്‍ശനങ്ങളാണെന്നും, അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വത്തായി സൂക്ഷിക്കുന്നതിന് പകരം ലോകനന്മയ്ക്കായി പ്രയോഗിക്കുകയുമാണ് സേവനം യുകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇക്കഴിഞ്ഞ കാലയളവില്‍ സേവനം യുകെയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത വ്യക്തികള്‍ ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി രാവും പകലും പരിശ്രമിച്ചു. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്ത് ഈ ദൗത്യത്തിനായി നിയോഗിച്ചിരിക്കുകയാണ്.

ഡോ. ബിജു പെരിങ്ങത്തറയാണ് സേവനം യുകെയുടെ പുതിയ ചെയര്‍മാന്‍. ഗ്ലോസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമാണ് ഡോ. ബിജു സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗം ഏറ്റെടുക്കുന്നത്. ഹാരോ കുടുംബ യൂണിറ്റിന്റെ ഭാഗമായ അനില്‍.സി. ആര്‍ വൈസ് ചെയര്‍മാകും. സട്ടന്‍ കുടുംബ യൂണിറ്റ് അംഗന്‍ ദിലീപ് വാസുദേവനാണ് കണ്‍വീനര്‍. സേവനം യുകെയുടെ ജോയിന്റ് കണ്‍വീനറായ സാജന്‍ കരുണാകരന്‍ സ്ഥാനമേല്‍ക്കും. ബര്‍മിംഗ്ഹാം കുടുംബ യൂണിറ്റ് അംഗമാണ് ഇദ്ദേഹം. ഓക്സ്ഫോര്‍ഡ് കുടുംബ യൂണിറ്റ് അംഗം രസികുമാര്‍ ട്രഷററാകും. ഗ്ലോസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമുള്ള ദിനേശ് വെള്ളാപ്പള്ളി കുടുംബ യൂണിറ്റ് കണ്‍വീനര്‍/പിആര്‍ഒ സ്ഥാനങ്ങള്‍ കൈയാളും. ആഷ്ന അന്‍പു(വനിതാ കണ്‍വീനര്‍)ബര്‍മിങ്ഹാം യൂണിറ്റ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാനും ജനറല്‍ ബോഡി തീരുമാനമെടുത്തു. ഇതുവരെ 16 അംഗങ്ങളായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിലും, ഓരോ കുടുംബങ്ങളുടെ ഒത്തൊരുമയ്ക്കും, സന്തോഷത്തിനും എത്രത്തോളം പ്രാധാന്യമാര്‍ന്നതാണെന്ന സന്ദേശം സേവനം യുകെ ജനമനസ്സുകളില്‍ എത്തിക്കും. കാലത്തിന് അനുയോജ്യമായ മഹത്തായ സംസ്‌കാരമാണ് ഗുരുദേവന്‍ മാനവരാശിക്ക് പ്രദാനം ചെയ്തതെന്ന് വിളംബരം ചെയ്യാനും, ഓരോ മനുഷ്യരുടേയും ജീവിതത്തിലേക്ക് സംസ്‌കാരത്തെ പകര്‍ന്നു നല്‍കാനുമുള്ള പരിശ്രമങ്ങളാണ് പുതിയ സാരഥികള്‍ മുന്നോട്ട് നയിക്കുക. സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്താനും, അന്ധവിശ്വാസങ്ങളുടെയും, വൈദേശിക ആചാരങ്ങളുടെയും തടവില്‍ നിന്നും അവരെ മോചിപ്പിക്കാനും ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വെളിച്ചമാണ് സേവനം യുകെയുടെ മുന്നോട്ടുള്ള വഴി തെളിച്ചമാര്‍ന്നതാക്കുന്നത്. ആധുനിക ലോകത്ത് ഇടുങ്ങിയ ചിന്താഗതികളും, പണത്തിന്റെ പിടിയിലായി സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് പ്രാധാന്യവും നല്‍കുന്ന വേളയില്‍ വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് സേവനം യുകെയെ കാത്തിരിക്കുന്നത്.

കാലം ഏതായാലും ജീവിതം മികച്ചതാക്കാന്‍, സമാധാനം നിറഞ്ഞതാക്കാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രയോജനം ചെയ്യുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് സേവനം യുകെയുടെ ആധാരശില. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ഗുരുദേവന്റെ ആശയങ്ങള്‍ ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്ന് പുതിയ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. മുന്‍കാല നേതൃത്വം പകര്‍ന്നുകൊടുക്കുന്ന വിലയേറിയ നിര്‍ദ്ദേശങ്ങളും, അംഗങ്ങളുടെ വാക്കുകളും സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നും സാരഥികള്‍ വ്യക്തമാക്കി.