ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വേനൽക്കാല അവധിയ്ക്കായി സ്കൂളുകൾ അടച്ചതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ തടിച്ചുകൂടിയത് പരിഭ്രാന്തി പരത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സന്നാഹം നിലകൊണ്ടു. അതേസമയം, വിദ്യാർത്ഥികൾ പോലീസിന് നേരെ മുട്ട എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. മാർക്കറ്റ് സ്ട്രീറ്റിലും പിക്കാഡിലി ഗാർഡനിലും പോലീസുകാർ നിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം.


മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വെച്ച് ഒരാൾ സംഗീതം പ്ലേ ചെയ്യാൻ തുടങ്ങിയെന്നും കുട്ടികൾ തടിച്ചുകൂടിയപ്പോൾ പോലീസ് അദ്ദേഹത്തോട് സംഗീതം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ രോക്ഷം കൊണ്ട വിദ്യാർത്ഥികൾ പോലീസിന് നേരെ തിരിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വിദ്യാർത്ഥികളുടെ ‘പ്രകടനങ്ങൾ’ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിദ്യാർത്ഥികൾ കൂട്ടംകൂടിയതിനെ തുടർന്ന് മക്ഡൊണാൾഡ് അതിന്റെ ഗേറ്റുകൾ താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായി. കടയുടമകൾ വാതിലുകൾ പൂട്ടുകയും സെക്യൂരിറ്റി ഗാർഡുകളെ പുറത്തു നിർത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് മാഞ്ചസ്റ്റർ കൗൺസിലർ പാറ്റ് കർണി പ്രതികരിച്ചു