ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.

ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.

അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.