മൊഗാദിഷു: തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും വാർത്താവിനിമയ–സാറ്റലൈറ്റ് ഉപകരണങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ ‘എം.വി. ലുതുഫ്’ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിലെ 10 ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു. ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമാണ് ബന്ദികളാക്കപ്പെട്ട മറ്റ് നാല് പേർ.
പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെ തിങ്കളാഴ്ചയാണ് കപ്പൽ റാഞ്ചിയത്. തുടർന്ന് കപ്പൽ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഏപ്രിലിൽ ‘എം.വി. സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കപ്പൽ റാഞ്ചിയ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്തെത്തിയതായും തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ എത്തിയ രണ്ട് പേർ കടൽക്കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണ ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ഖാത് എത്തിച്ചുനൽകിയിരുന്നു. ബോട്ട് തിരികെ പോയതിന് പിന്നാലെയുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം നടത്തിയത് ആരാണെന്നോ കൊല്ലപ്പെട്ടവർ കപ്പൽ റാഞ്ചലുമായി ബന്ധപ്പെട്ടവരാണോയെന്നോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.











Leave a Reply