കൊച്ചി ∙ 2 പ്രമുഖ നടൻമാർ കോവിഡിനു മുൻപുള്ള കാലത്തെക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ അവരെ കേന്ദ്ര കഥാപാത്രമാക്കി ആസൂത്രണം ചെയ്ത 2 പുതിയ സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം. പുതിയ ചിത്രങ്ങളുടെ ചെലവുകൾ പരിശോധിക്കുന്നതിനായി ഉപസമിതിയെയും നിയോഗിച്ചു.

ജിഎസ്ടിക്കു പുറമേ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നും അസോസിയേഷൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു.

മോഹൻലാലിന്റെ ‘ദൃശ്യം 2’ ഉൾപ്പെടെ 11 പുതിയ ചിത്രങ്ങളുടെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണു നിർവാഹക സമിതി പരിശോധിച്ചത്. കോവിഡ് കാലത്തിനു മുൻപു ചെയ്ത സിനിമയിൽ ലഭിച്ചതിനെക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണു മോഹൻലാൽ ദൃശ്യം 2ൽ അഭിനയിക്കുന്നത്. പക്ഷെ മോഹൻലാൽ പ്രതിഫലം പകുതിയാക്കി എന്ന വാർത്തയോടൊപ്പം തന്നെ അത് തനിക്കു കൂടി പങ്കാളിത്തമുള്ള സ്വന്തം സിനിമാ കമ്പനിക്ക് വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം നിർമാതാക്കളുടെ സംഘടനയുടെ അഭ്യർഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാൻ തയാറായപ്പോൾ മറ്റു 2 നടൻമാർ പഴയതിനെക്കാൾ കൂടിയ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണു യോഗം വിലയിരുത്തിയത്.

45 ലക്ഷം രൂപ വാങ്ങിയിരുന്ന നടൻ 50 ലക്ഷവും 75 ലക്ഷം വാങ്ങിയിരുന്ന നടൻ ഒരു കോടിയും പ്രതിഫലം ചോദിച്ചതായാണു യോഗം കണ്ടെത്തിയത്. തുടർന്ന് 2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കു കത്ത് അയയ്ക്കാനും തീരുമാനിച്ചു.