ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഒരു മിൽക്കി ബാറു പോലും വലിയൊരു സമ്മാനമാണെന്നും , പഠിക്കാനായി ബുക്ക് കെട്ടുകൾ കൂടെ കൊണ്ടുപോകേണ്ട കാര്യമില്ല എന്നുമൊക്കെ പഠിപ്പിച്ചത് ഈ ഇംഗ്ലീഷുകാരാണ് …
ഇതൊക്കെ തന്നെയാണ് യുകെയിലേക്ക് കുടിയേറി പാർത്ത കാലത്തു കഷ്ടപ്പാടും ദുരിതവുമൊക്കെ ഉണ്ടായിരുന്നിട്ടും ഇവിടെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ച പലകാരണങ്ങളിൽ ചിലത് .

പിന്നെ സമ്പന്നത , ജോലിയുടെ വേതന കനം , ഇരിക്കുന്ന കസേരയുടെ ചക്രത്തിന്റെ എണ്ണം , സമൂഹത്തിലുള്ള സ്ഥാനം , മനുഷ്യരുടെ നിറങ്ങൾ , ഇവയൊക്കെ നോക്കി ആളുകളെ വേർതിരിക്കാതെ ജീവിക്കാൻ പഠിപ്പിച്ചു തന്ന ഇംഗ്ലീഷുകാരോട് എന്തോ മനസുനിറയെ സ്നേഹമായിരുന്നു അല്ല ആണ് . അതിന്നും അങ്ങനെതന്നെയാണ് .

ഇന്നും ലണ്ടൻ സിറ്റിയിലേക്കിറങ്ങിയാൽ ആരാണ് കേമൻ ആരാണ് പിച്ച എന്ന് മനസിലാക്കിയെടുക്കാൻ പാടാണ് . അത് വസ്ത്രത്തിലും , നടപ്പിലും , എടുപ്പിലും എല്ലാം അങ്ങനെതന്നെ . ഒറ്റനോട്ടത്തിൽ കണ്ടാൽ എല്ലാവരും തുല്യർ .

ഇവിടുത്തെ വീടുകളുടെ കാര്യവും അങ്ങനൊക്കെത്തന്നെയാണ് … പുറമെനിന്ന് നിന്ന് നോക്കിയാൽ ആരാണ് കോടീശ്വരൻ ആരാണ് പിച്ചക്കാരൻ എന്നൊക്കെ മനസിലാക്കിയെടുക്കാൻ നല്ല പാടാണ് . കാരണം സമ്പന്നതയെല്ലാം ഉള്ളിലാണ് . വീടിനുള്ളിൽ നിങ്ങൾക്ക് സിനിമാ കൊട്ടക കെട്ടാം , സ്വർണം കൊണ്ട് തുലാഭാരം നടത്താം,മഴപെയ്യിക്കാം , മഞ്ഞു പറപ്പിച്ചു കളിക്കാം …അങ്ങനെ അങ്ങനെ വീടിനുള്ളിൽ നിങ്ങൾക്ക് എന്ത് കുത്സിത കോപ്രായവും കാട്ടിക്കൂട്ടാം . പക്ഷെ വീടിന് പുറമെ….എന്ത് ചെയ്യണമെങ്കിലും അതിന് കൗൺസിലിൽ നിന്ന് പെർമിഷൻ വേണം .

കാരണം അയൽക്കാരന്റെ സമ്പന്നതക്കൊപ്പം പിടിച്ചു നിൽക്കാൻ ജോലി ചെയ്തു തളരേണ്ടതല്ല മനുഷ്യ ജീവിതമെന്നും അതിനു മാത്രം സമയം ജീവിക്കാനായി നമുക്കില്ലായെന്നും അവർക്കറിയാം .സമ്പന്നതയുടെ നിഗളിപ്പ് അത് നിങ്ങളിൽ ഒതുങ്ങട്ടെയെന്ന് അവർ പറയാതെ പറയുന്നു ….

എങ്കിലും കോമ്പറ്റീഷൻ ഒരു ഐറ്റമായി തന്നെ കൊണ്ടുനടക്കുന്ന മലയാളിക്ക് അതില്ലെങ്കിൽ ഒരു സമാധാനമില്ല . ഇവിടെ സാധിക്കാൻ പറ്റാത്ത ആഗ്രഹം അവൻ നാട്ടിൽ വീട് പണിതു വീടിൻ പുറം അലങ്കരിച്ചു മറ്റുള്ളവരെ കാണിച്ചു സമാധാനം നേടും .

ഇവിടുത്തെ ടാക്സിന്റെ കട്ടിങ് തന്നെ പല സ്കേലിൽ ഒതുക്കിയിരിക്കുന്നതും നമുക്ക് ജീവിക്കാൻ കൂടുതൽ സമയം തരുവാനായിട്ടാണ് . എത്ര കുറച്ചു ജോലിചെയ്യുന്നുവോ , എത്ര കുറച്ചു ശമ്പളം കിട്ടുന്നുവോ അത്രയും നല്ലത് കാരണം അവർക്ക് ടാക്‌സ് കൂടുതൽ അടച്ചു മുടിയേണ്ട .ശമ്പളം കൂടുന്നതിനനുസരിച്ചു അടയ് ക്കേണ്ട ടാക്സ് 40 ശതമാനവും അതിന് മേലിലുമാകുന്നു . ഇതും ഒരു പരുധിവരെ കോമ്പറ്റീഷൻ സ്പിരിറ്റ് കുറയ്ക്കാൻ സഹായിക്കും . പക്ഷെ ഇതും നമുക്ക് പറ്റില്ല കാരണം നമ്മൾ നാട്ടിൽ പണിതിട്ട, ആരും താമസിക്കാനില്ലാത്ത വീടിന്റെ ലോൺ അടയ് ക്കേണ്ടെ ? ഇവിടെ മേടിച്ച ഒന്നിലധികം വീടുകളുടെ മോർട്ട്ഗേജടക്കേണ്ടേ ? കാറുകളുടെ ടാക്സ് അടക്കേണ്ടെ ? അപ്പോൾ നമ്മൾ പിന്നെയും പിന്നെയും കൂര കൂരാ പണിയെടുത്തു മുടിയും . ജീവിക്കാൻ മറന്നു പോകുന്നു ….

ജോലീം കൂലീം ഇല്ലാതെ നിന്റെ അയൽക്കാരന്റെ അത്രേം ഉയരാൻ പറ്റണില്ലേ ? അതിനും ഇവിടെ പോംവഴിയുണ്ട് , ചാരിറ്റി ഷോപ്പിൽ പോയി വളരെ വിലക്കുറവിൽ ഫർണീച്ചേഴ്സ് , തുണി , മണി എല്ലാം മേടിച്ചു ഒരു പരുധിവരെ സമാധാനം നേടാം …ഒരു മനുഷ്യന് വീട്ടിലേക്ക് ബേസിക്കായി ആവശ്യമുള്ള പല സാധാനങ്ങളും വളരെ വിലകുറവിൽ ചിലപ്പോൾ ഫ്രീ ആയും ചാരിറ്റി ഷോപ്പുകളിൽ കിട്ടും.

ഇന്നിതെല്ലാം മാറ്റിമറിക്കാൻ മത്സര സ്വഭാവം മാത്രം അറിയാവുന്ന നമ്മളുടെ ആളുകൾ ആഞ്ഞു ആഞ്ഞു ശ്രമിക്കുന്നു …. അവരുടെ കൂടെ പുതിയ കുറെപ്പേരും കൂടെ കൂടി ആഞ്ഞ്‌ ആഞ്ഞ്‌ പയറ്റുന്നു ….ഇതെല്ലം കണ്ടു ഇംഗ്ലീഷുകാർ എവിടോ ഓടിയൊളിക്കുന്നു ….

ഈയിടെ ഒരു ഇംഗ്ലീഷുകാരി എന്നോട് ചോദിച്ചു ജോസ്‌ന നിങ്ങെളെന്തിനാണ് നിങ്ങളുടെ കുട്ടികളെ ഇത്രയധികം പണം മുടക്കി ട്യൂഷന് വിടുന്നത്. കുട്ടികൾ മടുക്കില്ലേ ? . ഞാൻ പറഞ്ഞു “ഇത് ഞങ്ങൾ പരമ്പരാഗതമായി തുടർന്ന് വരുന്ന ഒരു കലാരൂപമാണ് നിർത്താനിച്ചിരി പാടാണ് ” .

തന്റെ കുട്ടി ഗ്രാമർ സ്‌കൂളിൽ പഠിച്ചില്ലെങ്കിൽ അവന്റെ ജീവിതമല്ല എന്റെ ജീവിതം തീർന്നുവെന്നു കരുതുന്ന മലയാളി ….
എന്റെ മക്കൾ ഡോക്ടർ ആയില്ലെങ്കിൽ ജീവിതം തന്നെ തീർന്നുവെന്ന് കരുതുന്ന മലയാളി ….

ഓരോ ഇലയും വ്യത്യസ്തമായതുപോലെ , മക്കളെല്ലാം ഒരേപോലല്ല, പലർക്കും പല കഴിവുകളാണ് , പഠിക്കാൻ കഴിവുള്ളവരെ അവർപോലും അറിയാതെ ക്ലാസുകളിൽ ഗ്രേഡിംഗ് കൊടുത്തു അവരുടെ കഴിവുകളെ നാച്വറലായി ഉയർത്തിക്കൊണ്ടു വരുന്നു . ഹൈസ്കൂളാകുമ്പോഴേക്കും അവർപോലുമറിയാതെ അവരിൽ വളർന്ന അവരുടെ പഠനമികവ് മനസിലാക്കാൻ 11+ എക്സാം ഇടുന്നു . ജയിക്കുന്നവരെ അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ ഗ്രാമർ സ്‌കൂളുകളിലേയ്ക്ക് ആക്കുന്നു .

ഗ്രാമർ സ്‌കൂളുകളിൽ പോകാൻ പറ്റാത്ത കുട്ടികൾ പിറകിൽ ആണെന്നോ മറ്റുള്ളവർ മുന്നിൽ ആണെന്നോ അല്ല അതിനർഥമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി അവരിലെ കഴിവുകളെ കണ്ടെത്തി അതിനെ വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്നു . തുളസിയുടെ ഗുണമല്ല കറ്റാർ വാഴയുടേത് ….രണ്ടും രണ്ടുതരത്തിൽ ഗുണമേന്മയുള്ളത് തന്നെയാണ് എന്ന് പറഞ്ഞു മനസിലാക്കി പരസ്പരം റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കുന്നു …….

ഡോക്ടറാകാൻ വേണ്ടി മാത്രം മക്കളെ വളർത്തുന്ന ചില മാതാപിതാക്കൾ ….. അവർക്ക് മക്കളുടെ താല്പര്യം ഒരു പ്രശ്നമല്ല …
പക്ഷെ സത്യമാണ് ചിലർക്ക് ഡോക്ടറാകാൻ വളരെ ഇഷ്ടമുള്ളവരുണ്ട് , അത് പണം പ്രതീക്ഷിച്ചല്ല മറിച്ചു മനുഷ്യ സിസ്റ്റത്തെ കുറിച്ചറിയാൻ താല്പര്യമുള്ളവർ , പണം എന്ന ചിന്ത മാറ്റിവച്ചു സേവനം ചെയ്യാൻ താല്പര്യമുള്ളവർ . അങ്ങനെ ഡോക്ടറാകുന്നവർ തെറ്റില്ല . പക്ഷെ ചിലർ ഒരു കൊള്ള ലാഭം അല്ലെങ്കിൽ പണം വാരിക്കൂട്ടുക എന്നുള്ള ഉദ്ദേശത്തിൽ ഡോക്ടറാകുമ്പോൾ It is
quite disturbing that someone’s
sickness is a lucrative business for us..

അസുഖം ഒരു ലാഭകരമായ ബിസിനസ്സാണെന്ന് കരുതി ഡോക്ടറാകുന്നവർ ഡോക്ടർ അല്ല മറിച്ചു ബിസിനസുകാരാണ് .
കാരണം ഒരു നല്ല ഡോക്ടർ എല്ലാവരെയും ആരോഗ്യമുള്ളതായി കാണാൻ ആഗ്രഹിക്കുന്നു ….മറിച്ചു ഉന്തിമരംകേറ്റി ഡോക്ടർ ആകുന്നവർ രോഗികളെ പ്രതീക്ഷിച്ചു ജീവിക്കുന്നു . അത് മനുഷ്യകുലത്തിന് അത്ര നല്ലതല്ല …

ഇനി വേറൊരു കൂട്ടം ആളുകളാണ് പണം പോയി പവർ വരട്ടെയെന്ന് കരുതുന്നവർ :
ഇവിടെ സ്‌കൂളുകളിൽ സമ്മർ ക്യാമ്പ് നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം പണം വാരിക്കൂട്ടുക എന്നതല്ല . മറിച്ച് അവർക്കിതൊരു ഉത്സവമാണ്. വിരളമായി മാത്രം സൂര്യനുദിക്കുന്ന ചില നല്ല നാളുകളിൽ വീട്ടിലെ ടെൻഷനിൽനിന്നും പഠനത്തിൽ നിന്നുമെല്ലാം മാറ്റിനിർത്തി ,കുട്ടികളെയും കൂട്ടുകാരെയും മാതാപിതാക്കളെയും സങ്കടിപ്പിച്ചു ഒരു ഫൺ അറ്റ് മോസ്ഫിയർ സ്‌കൂളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം . അവിടെ ഭക്ഷണം കൊണ്ടുവരുന്നു , ഡാൻസ് കളിക്കുന്നു , ഐസ്ക്രീം വിൽക്കുന്നു , ബലൂണുകൾ പറപ്പിക്കുന്നു .അതിലൂടെയെല്ലാം ഉരിതിരിഞ്ഞു വരുന്ന/ വന്നെങ്കിൽ ആ തുക സ്‌കൂളിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു .

പക്ഷെ പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് കേട്ട് വളർന്ന നമുക്കവിടേയും ഇരിക്കപ്പൊറുതി കിട്ടുന്നില്ല . അതിനായി മലയാളി മലയാളികളോട് ഓടിനടന്ന് കാശു പിരിക്കുന്നു , മലയാളികൾ ഒരാൾക്ക് മേലെ ഒരാൾ എന്ന കണക്കിൽ പണമെറിയുന്നു . ഓടിനടന്ന് പിരിച്ച കാശുമായി ചെല്ലുമ്പോൾ സ്‌കൂളുകൾ അധികാരികൾ അത് തിരസ്കരിച്ചോടിക്കുന്നു ….എന്തൊരു നാണക്കേടാണ് നമ്മൾ നമുക്ക് തന്നെ ഉണ്ടാക്കി വെക്കുന്നത് ?….

അതിനാൽ നമ്മളോടാണ് ….ഞങ്ങളാണ് നിങ്ങളിലും കേമന്മാർ എന്ന് കാണിക്കാൻ നമ്മുടെ കുട്ടികളെ കൂടെ കരുവാക്കരുത് …..
അവരെങ്കിലും മനുഷ്യരായി ഇവിടെ ജീവിക്കട്ടെ ….

ഇനി അതും പറ്റുന്നില്ലെങ്കിൽ
സമ്പന്നതയും സ്ഥാനവും ഒന്നും ആഗ്രഹിക്കാതെ ജീവിക്കാനായി മാത്രം ഈ നാട് തിരഞ്ഞെടുത്ത ചിലർ ഉണ്ട് അവരുടെ സ്വപനങ്ങൾ നിങ്ങൾ തല്ലികെടുത്തരുത് …..