ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബെര്‍മിംഗ്ഹാം: ദൈവകാരുണ്യത്തിനു നന്ദി പറഞ്ഞു ബെര്‍മിംഗ്ഹാമിലെ സീറോ മലബാര്‍ വിശ്വാസികള്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രണ്ടു മിഷനുകള്‍ കൂടി ബെര്‍മിംഗ്ഹാമില്‍ പ്രഖ്യാപിച്ചു. Saltely St. Benedict, Wolverhampton Our Lady of Perpetual Help എന്നീ മിഷനുകളാണ് പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷം പ്രായമായ രൂപതയുടെ ആത്മീയ കുതിപ്പില്‍ പതിനാറു മിഷനുകള്‍ ഇതുവരെ പ്രഖ്യാപിച്ചു. ബെര്‍മിംഗ്ഹാമില്‍ മിഷന്‍ ഡയറക്ടര്‍ ആയി റവ. ഫാ. ടെറിന്‍ മുള്ളക്കരയെയും നിയമിച്ചു. നിരവധി വൈദികരും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ സ്വാഗത പ്രസംഗത്തിനു ശേഷം സാറ്റ്‌ലി സെന്റ് ബെനഡിക്ട് മിഷന്റെ ഡിക്രി റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടും വോളെറാംപ്റ്റന്‍ ഔര്‍ ലേഡി ഓഫ് പെര്‍പ്പെചുല്‍ ഹെല്‍പ് മിഷന്റെ ഡിക്രി റവ. ഫാ. സോജി ഓലിക്കലും വായിച്ചു. ഡിക്രിയുടെ കോപ്പി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി റവ. ഫാ. ടെറിന്‍ മുള്ളക്കരയ്ക്ക് നല്‍കി അദ്ദേഹത്തെ ഡയറക്ടര്‍ ആയി നിയമിച്ചു. തുടര്‍ന്ന് അഭി. പിതാക്കന്മാര്‍ തിരി തെളിച്ചു മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയ്ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു വചനസന്ദേശം നല്‍കി. ബെര്‍മിംഗ്ഹാം ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡ് ലോങ്ലി പുതിയ മിഷന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സീറോ മലബാര്‍ വൈദികരെ കൂടാതെ, ബെര്‍മിംഗ്ഹാം അതിരൂപത വൈദികനായ ഫാ. ഡൊമിനിക്, ഫാ. ഫിലിപ്പ്, എന്നിവരും സഹകാര്‍മികരായിരുന്നു.

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനവും യുവജന വര്‍ഷത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. രൂപതയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി രണ്ടായിരത്തിയഞ്ഞൂറിലധികം കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളില്‍ പങ്കെടുക്കും. പരിപാടികളുടെ തത്സമയസംപ്രേഷണം (രൂപത ഫേസ്ബുക് പേജിലും യുട്യൂബിലും) താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രാവിലെ മുതല്‍ ലഭ്യമായിരിക്കും.

https://youtube.com/watch?v=FILI5AHub3w