ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴിയെടുത്തതിനെത്തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെയാണ് ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തത്. കേരളത്തിന്‍റെയാകെ ശ്രദ്ധ നേടിയ സമരത്തിനാണ് തലസ്ഥാനത്ത് ഇതോടെ സമാപനമായത്. വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരുമെന്നായിരുന്നു ശ്രീജിത്തിന്‍റെ തീരുമാനം. ഇപ്പോള്‍ മൊഴിയെടുക്കലും പൂര്‍ത്തിയായതോടെ സമൂഹമാധ്യമങ്ങളിലൂടെ ജീവന്‍ നേടിയ സമരം ശ്രീജിത്ത് അവസാനിപ്പിക്കുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് വർഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് കേരള ജനതയും പിന്തുണ നല്‍കി. സഹോദരന്റെ ലോക്കപ്പ് മരണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. കുറ്റക്കാരായ പൊലീസുകാര്‍ ഇപ്പോഴും പൊലീസിൽ നിർണായക സ്ഥാനത്ത് തുടരുന്നതും ശ്രീജിത്ത് ഉന്നയിച്ചിരുന്നു ഇവർക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുകള്‍ നല്‍കി.

ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് ,2014 മെയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി . ഇവർക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നൽകണമെന്നും അതോറിറ്റി നിർഭ ശിച്ചിരിന്നു. ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചെങ്കലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തിൽ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരിൽ സി.ബി.ഐ അന്ന് കയ്യൊഴിഞ്ഞത്.

2014 മെയ്യിൽ പാറശാല സി.ഐ അയിരുന്ന ഗോപകുമാർ, എ. എസ്.ഐ ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എസ്.ഐ.ഡി.ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ. ഇവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് 735 ദിവസമായി അധികാര കേന്ദ്രത്തിന്റെ ചുവട്ടിൽ കിടക്കുന്നത്. എന്നാൽ ഗോപകുമാർ ചവറ സി.ഐയായും ബിജുകുമാർ കാട്ടാക്കട എസ്. ഐയായും ഫിലിപ്പോസ് സ്പെഷ്യൽ ബ്രാഞ്ചിലും തുടരുന്നു. ഇവർക്കെതിരായ നടപടിക്കും അന്വേഷണത്തിനും തടസം ഹൈക്കോടതിയുടെ സ്റ്റേയാണെനാണ് സർക്കാർ വാദം. എന്നാൽ ആ സ്റ്റേ ഒഴിവാക്കാൻ ഒരു നിയമ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ കെവലം സ്ഥലം മാറ്റത്തിലൊതുക്കി സർക്കാർ രക്ഷിച്ചെടുത്തു.