ബർമിംഗ്ഹാം: ബ്രിട്ടനിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ബെനഡിക്ട് മിഷൻ, സോൾട്ട്ലി ഇടവകയുടെ വാർഷിക തിരുനാൾ ജൂലൈ 3, 4, 5 തീയതികളിൽ ഭക്തിനിർഭരമായും ആഘോഷപൂർണമായും നടത്തും. ബർമിംഗ്ഹാമിലെ ഔർ ലേഡി ഓഫ് ദി റോസറി ആൻഡ് സെന്റ് തെരേസ ഓഫ് ലിസ്യൂക്സ് ദേവാലയത്തിലാണ് തിരുനാൾ ചടങ്ങുകൾ നടക്കുക. വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ ബെനഡിക്ട്, വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ സംയുക്ത തിരുനാളായാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആത്മീയ ഉണർവിനും ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും നവനാളും തിരുക്കർമങ്ങളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ 3-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനാചരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ബർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറലായ റെവ. ഫാ. കാനൻ ജോനാഥൻ വിസി മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയും നവനാളും ലദീഞ്ഞും നേർച്ച വിതരണവും നടക്കും. ജൂലൈ 4-ന് വൈകിട്ട് 6.30-ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന നടക്കും. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ അപ്പസ്തോലിക് വിസിറ്ററായ ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുഖ്യകാർമികനായിരിക്കും. നവനാൾ, ലദീഞ്ഞ്, നേർച്ച എന്നിവയും അന്നേദിവസം നടക്കും.

ജൂലൈ 5-ന് രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ വൈദികനായ റവ. ഫാ. മൈക്കിൾ (ടോണി) കൊച്ചേരി മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് വിശുദ്ധരുടെ തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ലദീഞ്ഞ്, അന്തിമ ആശീർവാദം, നേർച്ച വിതരണം എന്നിവ നടക്കും. തിരുന്നാൾ ആഘോഷങ്ങളുടെ സമാപനമായി വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാ കുടുംബങ്ങളും തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് മിഷൻ ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, തിരുനാൾ കമ്മിറ്റി കൺവീനർ ജിമ്മി മൂലങ്കുന്നത്ത്, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭ്യർഥിച്ചു.











Leave a Reply