ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത ഹിമപാതത്തിനും മൈനസ് 7 ഡിഗ്രി തണുപ്പിനും 50 എംപിഎച്ച് കൊടുങ്കാറ്റിനും വഴിവെച്ച ഡാർസി കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചു. റെയിൽ ക്യാൻസലേഷനുകൾക്കും, വാഹന അപകടങ്ങൾക്കും വഴിവച്ച കാറ്റ് നിരവധി വാക്സിൻ സെന്ററുകൾ അടച്ചിടാൻ കാരണമായി. ഇംഗ്ലണ്ടിനെയും സ്കോട്ട്ലാൻഡിനെയും മഞ്ഞിൽ മുക്കിയ കാലാവസ്ഥ ഉക്രൈനിൽ നിന്നും കൊടുംതണുപ്പുമായാണ് എത്തിയത്.

ഈസ്റ്റ് ആംഗ്ലിയയുടെ വലിയ കോവിഡ് വാക്സിൻ സെന്ററുകൾ അടഞ്ഞുകിടന്നു. യുകെയുടെ കിഴക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പവർ കട്ടും സിഗ്നൽ ബ്രേക്കുകളും പ്രതീക്ഷിക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡുകൾ മഞ്ഞിൽ പുതഞ്ഞതിനാൽ 350ഓളം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആമ്പർ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച 10 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ ഉയരാമെന്നു നെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ കുറഞ്ഞു തുടങ്ങാനാണ് സാധ്യത.

പലയിടങ്ങളിലും കാഴ്ച മങ്ങിയതുമൂലം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ അപകട സാധ്യത മുന്നിൽ കണ്ട് യാത്രക്കാർ കാറുകൾ വഴിയിലുപേക്ഷിച്ചു. നയനമനോഹരമായ കാഴ്ചകളും സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ ഡാർസി മടങ്ങിയത്.