എം.ജി.ബിജുകുമാർ
മഴ ശക്തി പ്രാപിക്കുമ്പോഴും ചുവന്ന സിഗ്നൽ ലൈറ്റിൻ്റെ ചുവട്ടിലെഴുതി കാണിക്കുന്ന അക്കങ്ങൾ കുറഞ്ഞു വരുന്നത് ശ്രദ്ധിച്ച് നനഞ്ഞാെട്ടിയ വേഷത്തോടെ നഗരത്തിലെ അറിയപ്പെടുന്ന സ്കൂളിലെ അധ്യാപകനായ അജയഘോഷ് ബൈക്കിലിരിക്കുകയായിരുന്നു. പച്ച ലൈറ്റ് തെളിഞ്ഞപ്പോൾ ബൈക്ക് മുൻപോട്ടു നീങ്ങി. കുറെ മുന്നോട്ടു പോയപ്പോൾ മഴ കനത്തു. റോഡ് സൈഡിലെ തട്ടുകടയുടെ മുൻപിൽ ബൈക്ക് നിർത്തി. പൊരിച്ച കോഴിയുടെ മണം തന്റെ മൂക്കിലേക്ക് തുളഞ്ഞു കയറിയെങ്കിലും അത് അയാളെ മോഹിപ്പിച്ചില്ല. കടയുടെ അരികിലായി ടാർപ്പാളിൻ കെട്ടിയ ഭാഗത്ത് ബൈക്ക് വെച്ച് ബാഗിൽ നിന്നും ടവ്വൽ എടുത്ത് തല തുവർത്തി.
കുറെ സമയം കടന്നുപോയി. ഇത്രയും നനഞ്ഞിട്ടും അയാളുടെ ഉള്ളിൽ ചൂടു തന്നെയായിരുന്നു. സ്കൂളിൽ വച്ച് നടന്ന ആ സംഭവം അയാളെ വല്ലാതെ ഉലച്ചു കളഞ്ഞു. ഇരുട്ടു വീഴാൻ തുടങ്ങിയതിനാൽ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പാഞ്ഞു. പെട്ടെന്ന് മേഘങ്ങൾ പൊട്ടിത്തെറിച്ചതുപോലെ മഴ ശക്തമായി പെയ്തിറങ്ങി.
വീട്ടിലെത്തി ബാത്റൂമിൽ കയറി നനഞ്ഞ വസ്ത്രം മാറ്റി കുളിച്ച് ഇറങ്ങി.
നിർത്താതെ പെയ്യുന്ന മഴയും ഇടവിട്ടുള്ള മിന്നലും ഇടിമുഴക്കവും ഒന്നും അജയഘോഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇന്ന് ലാസ്റ്റ് പീരീഡിൽ ക്ലാസിൽ വച്ച് നടന്ന സംഭവത്തിന്റെ ഷോക്കിൽ നിന്നും അയാൾ മുക്തനായിട്ടില്ല എന്ന് അയാളുടെ മുഖത്തുനിന്നും ശരീരഭാഷയിൽ നിന്നും തിരിച്ചറിയാമായിരുന്നു. വിദ്യാർത്ഥികളെ ഭയന്ന് അധ്യാപനം നടത്തേണ്ടിവരുന്ന ഗതികേടിലേക്ക് എത്തിയ കാലത്തിന്റെ പോക്കിനെപ്പറ്റി മനസ്സിൽ പരിതപിക്കുമ്പോഴും ആ സംഭവം അയാളുടെ മനസ്സിലേക്ക് തികട്ടി തികട്ടി വരുന്നുണ്ടായിരുന്നു.
ഉച്ചയൂണ് കഴിഞ്ഞ് സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് ഋഷികേഷ് തന്റെ അടുത്തുവന്ന് ചില കാര്യങ്ങൾ രഹസ്യമായി അറിയിച്ചത്. ഒൻപതാം ക്ളാസ്സ് ബി ഡിവിഷനിലെ നസ്രിൻ മുതിർന്ന ആൺകുട്ടികൾക്ക് ചെറിയ പൊതികൾ കൈമാറുന്നുണ്ടെന്നും പുറത്തുനിന്നെത്തുന്ന പരിചയമില്ലാത്തവരുമായി അവൾക്ക് ബന്ധമുണ്ടെന്നും ഋഷികേഷ് പറഞ്ഞപ്പോൾ തന്നെ ഇതിൽ എന്തോ പന്തികേടുണ്ടെന്ന് അജയഘോഷിന് ഉറപ്പായി.
ഉച്ചയ്ക്കുശേഷം ക്ലാസ് തുടങ്ങി ഇന്റർവെല്ലിന് കുട്ടികൾ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അജയഘോഷ് നസ്രിന്റെ ക്ലാസിലേക്ക് ചെന്നത്. ക്ലാസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ ഏറ്റവും പിറകിലുള്ള ബെഞ്ചിലിരുന്ന് ഡെസ്ക്കിലേക്ക് കൈ കുത്തിയിരിക്കുകയായിരുന്നു. അയാൾ അവൾക്ക് അരികിലേക്ക് നടന്നു. അവളുടെ അടുത്തെത്തിയ അയാൾ ഡെസ്കിലിരുന്ന ബാഗിൻ്റെ സിബ്ബ് തുറന്നു. അവൾ രൂക്ഷമായ നോട്ടത്തോടെ അയാളുടെ പ്രവർത്തി ശ്രദ്ധിച്ചു കൊണ്ടിരുന്നു. തുറന്ന ബാഗിൽ നിരവധി അഞ്ഞൂറിന്റെ നോട്ടുകളും കൂടാതെ ചെറിയ നാലഞ്ച് പൊതികൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് കവറും ഉണ്ടായിരുന്നു. അതിൽ ഒരു ചെറിയ പൊതിയെടുത്ത് തുറന്നു നോക്കി. വെളുത്തു നിറത്തിലുള്ള പൊടി പരിശോധിച്ചപ്പോൾ അജയഘോഷിൻ്റെ ഉള്ളൊന്ന് കാളി. അയാൾ ആ പൊതികൾ എടുക്കാൻ തുടങ്ങിയപ്പോൾ അവൾ ആ കയ്യിൽ കടന്നുപിടിച്ചു. എന്നിട്ട് ദൃഢമായ ശബ്ദത്തോടെ പറഞ്ഞു.
“സാർ അത് ആ ബാഗിൽ തന്നെ വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ സാർ എന്നെ പലതവണ കയറി പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് ഞാൻ എല്ലാവരോടും പറയും”.
അതൊരു ആഞ്ജ പോലെയാണ് അയാൾക്ക് തോന്നിയത്. അയാൾ കൈ പിൻവലിച്ചു കൊണ്ട് ഗദ്ഗദത്തോടെ അവളെ നോക്കി സംസാരിക്കാൻ ശ്രമിച്ചു
” നസ്രിൻ… കുട്ടീ… നീ…!”
അയാൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
” ഇക്കാര്യത്തിൽ സാർ ഇടപെടാതിരിക്കുന്നതാണ് നല്ലത്. എനിക്ക് എന്റെ വഴി,സാറിന് സാറിന്റെ വഴി ”
അല്പം ഭീഷണിയുടെ സ്വരത്തിലാണ് അവൾ സംസാരിച്ചത്.
ഇവൾ മുമ്പ് പറഞ്ഞതുപോലെ പ്രവർത്തിച്ചാൽ സത്യമല്ലെങ്കിലും തനിക്ക് ഉണ്ടാകുന്ന നാണക്കേടിനെക്കുറിച്ച് അയാളോർത്തു.
അത് അയാളുടെ സപ്ത നാഡികളെയും തളർത്തിക്കളഞ്ഞു. അയാൾ ബാഗിന്റെ സിബ്ബ് വലിച്ചിട്ട് മിണ്ടാതെ തിരിഞ്ഞു നടന്നു. അപ്പോഴേക്കും ഇൻ്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിരുന്നു.
വൈകുന്നേരത്തെ മങ്ങിയ വെളിച്ചത്തിൽ സ്റ്റാഫ് റൂമിലെ കസേരയിലിരിക്കുമ്പോൾ അജയഘോഷിൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സ്കൂൾ ബാഗിൽ നിന്ന് പുറത്തെടുത്ത ആ ചെറിയ പ്ലാസ്റ്റിക് കവറിലെ വെളുത്ത പൊടിയെക്കുറിച്ച് ഓർത്തപ്പോൾ തന്നെ അദ്ദേഹത്തിന് ഭയം തോന്നി.
ആ ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്ന, എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള കുട്ടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവൾ പഠനത്തിൽ ശ്രദ്ധിക്കാതെ, ആകെ ഒതുങ്ങിക്കൂടി ഇരിക്കുന്നത് ശ്രദ്ധിച്ചിരുന്നു.
ഋഷികേശ് നൽകിയ വിവരമനുസരിച്ചാണ് അവളുടെ ബാഗ് പരിശോധിച്ചത്. പക്ഷേ, ഇങ്ങനെയൊന്നുണ്ടാകുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പുറത്ത് ആകാശം മേഘാവൃതമായപ്പോഴേക്കും
മാഷിൻ്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് വീശിയടിക്കാൻ തുടങ്ങി. മനസ്സ് രണ്ട് ചിന്തകളായി പിളർന്നു.
“ഇത് ഉടൻ തന്നെ ഹെഡ്മാസ്റ്ററെ അറിയിക്കണം, പോലീസിൽ ഏൽപ്പിക്കണം. വിദ്യാലയങ്ങളെ വിഴുങ്ങുന്ന ഈ ലഹരി മാഫിയയുടെ കണ്ണി ഇവിടെത്തന്നെ മുറിക്കണം. ഒരു അധ്യാപകൻ്റെ കടമ അതാണ്.” അദ്ദേഹത്തിൻ്റെ ഉള്ളിലെ നിയമബോധം വിളിച്ചുപറഞ്ഞു.
എന്നാൽ അതുമൂലം നസ്രിൻ പീഡനാരോപണമുന്നയിച്ചാൽ തനിക്കുണ്ടാകാവുന്ന മാനഹാനിയോർത്ത് അയാൾ വിഷണ്ണനായി.
അവസാന പിരീഡിൽ അജയഘോഷ് ക്ലാസിലേക്ക് പോകാതെ സ്റ്റാഫ് റൂമിൽ തന്നെ ഇരിക്കുകയായിരുന്നു. ആവേശം കാണിച്ച് നേരിട്ട് പോകാതെ രശ്മി ടീച്ചറിനെയോ ശ്രീലത ടീച്ചറിനെയോ നസ്രിൻ്റെ അടുത്തേക്ക് വിട്ടാൽ മതിയായിരുന്നു എന്നയാൾ ചിന്തിച്ചു.
ലഹരിപദാർത്ഥങ്ങളുടെ പൊതി താൻ എടുത്ത റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ അവൾ പറഞ്ഞതുപോലെ പ്രവർത്തിച്ചാൽ എന്തായാലും കേസ് ആകും.വെറും കേസ് അല്ല പോക്സോ കേസ്. അറുപതോ തൊണ്ണൂറോ ദിവസം അഴിക്കുള്ളിൽ കിടന്നതിനുശേഷം വന്ന് സത്യം തെളിയിക്കുമ്പോഴേക്കും തന്റെ കുടുംബജീവിതം തന്നെ ഇല്ലാതാകും എന്ന് ഓർത്ത് അയാളുടെ കണ്ണിൽ ഇരുട്ടു കയറി.
കേസ്സുണ്ടാക്കുന്ന നാണക്കേടിൽ തൻ്റെ ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചേക്കാം.
ഏവരുടെയും മുന്നിൽ പതിനഞ്ചിലേറെ വർഷത്തോളമായി ഹൈസ്കൂളിൽ അധ്യാപനം നടത്തുന്ന തൻ്റെ വിലയും നിലയും തകർന്ന് കുടുംബക്കാരും നാട്ടുകാരും മുഴുവൻ സത്യമറിയാതെ തന്നെ വെറുത്തേക്കാം.
അയാളുടെ ചിന്തകൾ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു.
നൂൽ പൊട്ടിയ പട്ടം കണക്കെ കാലങ്ങൾക്കപ്പുറത്തേക്ക് അയാളുടെ മനസ്സ് പറന്നു പോകുന്നുണ്ടായിരുന്നു.
സ്കൂൾ പഠനകാലത്ത് നാട്ടിൻപുറത്തെ വഴികളിലൂടെയെല്ലാം കൂട്ടുകാരുമായി ചുറ്റിയടിക്കുന്നത് പ്രധാന വിനോദമായിരുന്നു’. ഗ്രാമത്തിലെ മിഠായിക്കടയുടെ മുന്നിലെ ബെഞ്ചിലും തോടിന്റെ വരമ്പത്തും വൈകുന്നേരം ഒഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിയും തുടർന്ന് പുഴയിലുള്ള കുളിയുമൊക്കെയായിരുന്നു ത്രിൽ. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ വഴി മാറി സഞ്ചരിക്കുന്നതെങ്ങോട്ടാണ്.. ?
” നിങ്ങളെന്താ മനുഷ്യാ ഇത്ര അഗാധമായി ചിന്തിക്കാൻ.?’ വന്നപ്പോൾ മുതൽ തുടങ്ങിയതാണല്ലോ….?”
ചൂടു കാപ്പിയുമായി എത്തിയ ഭാര്യ അനാമികയുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നുണർത്തി. അയാളുടെ ഹൃദയത്തിൻ്റെ ഭാരം മുഖത്തറിയാമായിരുന്നു.
“എന്തോ പ്രശ്നമുണ്ടല്ലോ, എന്തായാലും പറയ് മനുഷ്യാ… ”
ഭാര്യ വീണ്ടും കാര്യമറിയാൻ ശ്രമിച്ചു.
“ഏയ് ഒന്നുമില്ല…”
അയാൾ അവളുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി കാപ്പി വാങ്ങി ചുണ്ടോടടുപ്പിച്ചു.
ചിന്താഭാരത്താൽ
ശനിയാഴ്ചയും ഞായറാഴ്ചയും അജയഘോഷ് പുറത്തെങ്ങും പോയില്ല.ഈ വിവരം പുറത്തുപറഞ്ഞാൽ കുട്ടിയുടെ ഭാവി തകരുമോ, അവൾ വല്ല കടുംകൈയ്യും ചെയ്യുമോ എന്ന ഭയം അയാളുടെ ഉള്ളിൽ നിഴലിച്ചു. അതേസമയം, പറയാതിരുന്നാൽ ക്രമേണ ആ കുടുംബത്തിലെ ഏക മകളായ ഈ പെൺകുട്ടിയുടെ ഭാവി നശിക്കുമെന്നും അതവളെ കൂടുതൽ അപകടത്തിലാക്കുമെന്നുമുള്ള ആശങ്കയിൽ അയാൾ ധർമ്മസങ്കടത്തിലായി.
ഞായറാഴ്ച സന്ധ്യയ്ക്ക് സിറ്റൗട്ടിലിരിക്കുന്ന അജയഘോഷിൻ്റെ അടുത്തേക്കെത്തിയ അനാമിക വൈകുന്നേരം കൊടുത്ത ചായ കുടിക്കാതെ റ്റീപ്പോയിലിരിക്കുന്നത് കണ്ട് ചൊടിച്ചു.
“എന്തോന്നാ മനുഷ്യാ ഇത്രയ്ക്ക് ആലോചിച്ച് കൂട്ടുന്നത്…? എന്താണെന്ന് ഒന്ന് പറയ്..!”
“ഏയ് ഒന്നുമില്ല..!” അയാൾ വീണ്ടും ഒഴിഞ്ഞുമാറി.
സിറ്റൗട്ടിൽ ഒരു മൂലയിൽ കിടന്ന ചെറിയ മേശയിൽ രാവിലെ ഫ്ലാസ്കിൽ വെച്ച കട്ടൻ കാപ്പി അതുപോലെ അവിടിരിപ്പുണ്ടായിരുന്നു. അവൾ അത് ഒരു ഗ്ലാസ്സിലേക്ക് പകർന്ന് അതുമായി കസേര വലിച്ച് അവിടെ ഇരുന്നു.
“ഞാൻ കഴിഞ്ഞ ദിവസം മകളുടെ കാര്യം നോക്കാൻ മനോജ് മാഷിൻ്റെ അടുത്ത് പോയിരുന്നു. മാഷിനോട് നിങ്ങളുടെ കാര്യം കൂടി കവടി വെച്ചു നോക്കാൻ പറഞ്ഞു. അപ്പോൾ നിങ്ങൾക്ക് കാളസർപ്പ യോഗം ഉണ്ടെന്നും മനസിക സമ്മർദ്ദവും മാനസികമായ അസ്വസ്ഥതയും പലവിധ തടസ്സങ്ങളുമുണ്ടാകുമെന്നും പറഞ്ഞിരുന്നു.”
ഇത് കേട്ട അജയഘോഷ് തലയുയർത്തി ഭാര്യയെത്തന്നെ നോക്കി.
“ശനി സൂര്യൻ എന്നീ ഗ്രഹങ്ങളുടെ സ്വക്ഷേത്ര രാശികളുമായി ബന്ധപ്പെട്ട രാഹുവിന് പത്താം ഭാവസ്ഥിതിയോ ദൃഷ്ടിയോ വരുന്നത് അപകീർത്തിക്കും തൊഴിൽ നാശത്തിനും കാരണമാകുമെന്ന് മാഷ് വ്യക്തമായി പറഞ്ഞായിരുന്നു.”
ഇത് കേട്ട് അയാൾ ഒന്നുകൂടി ഞെട്ടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി റോഡിലേക്ക് നടക്കാൻ ഭാവിച്ചു.
“നിങ്ങളുടെ മൂഡ് ഓഫ് മാറ്റാൻ ഞാൻ ഒരു ചോദ്യം ചോദിക്കട്ടേ ഹിസ്റ്ററി മാഷേ…?
ഭാര്യ അനാമികയുടെ ഈ ചോദ്യം കേട്ട് അജയഘോഷ് മുഖമുയർത്തി എന്താണെന്ന ഭാവത്തിൽ അവളെ നോക്കി.
“ഈ മാഡം ബിക്കാജിഗാമ വാസ്കോഡഗാമയുടെ ആരായിട്ടു വരും? ” താൻ്റെ മ്ളാനത മാറ്റാൻ പലപ്പോഴും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതും അതിൽ പിടിച്ച് സംസാരം രസകരമാക്കി മൂഡ് ഔട്ട് ചേഞ്ച് ചെയ്യുന്നതും ഇവളുടെ പതിവാണ് എന്നയാൾ ഓർത്തു.
പക്ഷേ മറുപടി ഒന്നും പറയാതെ അയാൾ റോഡിലേക്ക് നടന്നു.
“സന്ധ്യ മയങ്ങിയ നേരത്തിനി എങ്ങോട്ടാ? അർദ്ധരാത്രിയാകാൻ കാത്തിരിക്കാതെ നേരത്തിന് തിരിച്ചെത്തിയെക്കണേ…!”
ഭാര്യയുടെ നിർദ്ദേശത്തിന് മറുപടി നൽകാതെ അയാൾ നടന്നു മറഞ്ഞു.
ഇരുട്ടിന്റെ കാഠിന്യം കൂടുമ്പോഴും പുഴക്കരയിലെ പടിക്കെട്ടിൽ ഏകാന്തനായി കാടുകയറിയ ചിന്തയുമായി അജയഘോഷ് ജലത്തിലേക്ക് മിഴിനട്ടിരിക്കുകയായിരുന്നു . അടുത്ത ദിവസവും നസ്റിൻ ലഹരിമരുന്ന് വിതരണം നടത്തുമെന്നും താനത് നിർത്താൻ നോക്കിയാൽ, അവൾ ഭീഷണിപ്പെടുത്തിയതുപോലെതന്നെ പ്രവർത്തിച്ചാൽ സമൂഹത്തിലെ തന്റെ നിലയും വിലയും ഇതോടെ തീരുമെന്നും സത്യം നഗ്നപാദനായി പതിയെ നടന്നെത്തുമ്പോഴേക്കും കള്ളം ചെരുപ്പിട്ട് നൂറിരട്ടി വേഗതയിൽ അതിലേറെ ഇരട്ടി ദൂരം സഞ്ചരിച്ചിരിക്കുമെന്നത് നാട്ടു നടപ്പാണെന്നതും അജയഘോഷിന്റെ മനസ്സിൽ തെളിഞ്ഞു.
മറ്റുള്ളവരുടെ കുട്ടികളെ ഓർത്ത് ഉറക്കം നഷ്ടപ്പെടുന്ന ഒരേയൊരു ആളുകൾ അധ്യാപകർ മാത്രമാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു.
സന്ധ്യയുടെ മൗനത്തെ കീറിമുറിച്ചുകൊണ്ട് മുകളിലെ തെങ്ങിൽ നിന്ന് ഒരു തേങ്ങ പുഴയിലക്ക് വീണു.
ഈ പ്രശ്നത്തിൻ്റെ പരിഹാരത്തിന് എന്തെങ്കിലും ഒരു വഴി കണ്ടെത്തണമെന്ന ചിന്തയിൽ വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ചങ്ങാതി അനീഷ് വാസുദേവ് എതിരെ നടന്നുവരുന്നതു കണ്ടത്.
“എന്റെ പിള്ളേച്ചാ നിങ്ങളെ രണ്ടുദിവസമായി ഫോണിൽ കിട്ടുന്നില്ലല്ലോ, ഫോണിന് എന്തുപറ്റി..?
പരസ്പരം കണ്ടമാത്രയിൽ അനീഷ് തിരക്കി. കഴിഞ്ഞ ദിവസം ഫോൺ ഓഫ് ആയതിൽ പിന്നെ ചാർജ് ചെയ്യാൻ തുനിഞ്ഞില്ല എന്നത് അജയഘോഷ് ഓർത്തു. അയാൾ മറുപടിയൊന്നും പറയാതെ നിന്നപ്പോൾ അനീഷ് വീണ്ടും സംസാരിച്ചു തുടങ്ങി.
” നാളെ അത്യാവശ്യമായി ആരതിക്ക് കട്ടപ്പന കോടതിയിൽ വരെ പോകണം. ഒരു മൊഴി നൽകുന്നതിനാണ്. മകൻ കൂടിയുള്ളതിനാൽ ബസിനു പോക്ക് നടക്കില്ല. നിന്റെ കാർ ഇങ്ങോട്ട് തരണം. അത് പറയാനാ ഫോണിൽ വിളിച്ചത്. പക്ഷേ സ്വിച്ച് ഓഫ് …!”
അയാൾ പറഞ്ഞുനിർത്തി.
“അതിനെന്താ നീ രാവിലെ വന്നു വണ്ടി എടുത്തുകൊണ്ട് പൊക്കോ” അജയഘോഷ് മറുപടിയും നൽകി
അപ്പോഴാണ് സ്കൂൾ ടീച്ചർ ആയ ആരതി എന്തിനാണ് കോടതിയിൽ പോകുന്നത് എന്നതിനെപ്പറ്റി അജയഘോഷ് ചിന്തിച്ചത്.
” എന്തിനാ ആരതി കോടതിയിൽ പോകുന്നത്? എന്തെങ്കിലും കേസ് ഉണ്ടോ?
ഉത്കണ്ഠയോടെ അയാൾ തിരക്കി.
” ഒന്നും പറയേണ്ട… ഇത് രണ്ടാമത്തെ തവണയാണ് പോകുന്നത്, സ്കൂളിൽ വച്ച് നടന്ന ഒരു സംഭവത്തിന്റെ പിറകെ പോയി പുലിവാലു പിടിച്ചതാ!”
അനീഷ് അത് പറഞ്ഞപ്പോൾ അജയഘോഷിന് അതിനെപ്പറ്റി അറിയാൻ ജിജ്ഞാസയേറി.
” എന്താണെന്ന് വ്യക്തമായി പറയെടേ.. ”
അനീഷ് കാരണം എന്തെന്ത് വ്യക്തമാക്കാനായി സംസാരം തുടർന്നു.
” പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു പെൺകുട്ടി ക്ലാസ് സമയത്ത് ശ്രദ്ധിക്കാതിരുന്ന എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കണ്ട എന്റെ ഭാര്യ വർദ്ധിച്ച ഉത്തരവാദിത്വബോധത്തോടെ അവളുടെ അടുത്ത് ചെന്ന് ആ പേപ്പർ പിടിച്ചു വാങ്ങി.
എന്നിട്ടതിൽ ശ്രദ്ധിച്ചുനോക്കുമ്പോൾ നിറയെ ഇംഗ്ലീഷിൽ “ഐ ലവ് യു” എന്ന് അടുപ്പിച്ച് അടുപ്പിച്ച് കുനുകുനാന്ന് എഴുതിയിരിക്കുന്നു. മറുപുറം നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം അവൾക്ക് മനസ്സിലായത്.”
അനീഷ് സംസാരം നിർത്തിയിട്ട് ഒന്നു നിശ്വസിച്ചു.
“വ്യക്തമായി പറയൂ ”
അജയഘോഷ് ധൃതി കൂട്ടി.
” അടുത്ത പേജിലും അങ്ങനെ തന്നെ എഴുതിയിട്ട് ഏറ്റവും അവസാനം ചുവന്ന മഷിയിൽ ഒരു വാചകം കൂടി എഴുതിയിരുന്നു.!”
” എന്താണത് ..?.”
” നമ്മൾ അന്ന് നോക്കിയ പ്രഗ്നൻസി കിറ്റ് ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് “ഇങ്ങനെയായിരുന്നു അവസാന വാചകം.”
” ദൈവമേ.. !”
അനീഷ് പറഞ്ഞത് കേട്ട് അജയഘോഷ് അറിയാതെ തലയിൽ കൈവച്ചു പോയി.
“എന്തു പറയാനാ, അവൾ അത് റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ ഭാവിയെ കരുതി അത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നീട് പ്രശ്നം ഉണ്ടാകുമ്പോൾ ഇത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ആ പെൺകുട്ടി ആരതിയുടെ പേര് പറയും. അപ്പോൾ പറയാതിരുന്നതിന് അവളും കേസിൽ കുടുങ്ങും. കൂട്ടുപ്രതിയാവുകയും ചെയ്യും. കാരണം പോക്സോയാണ് കേസ്. ”
അനീഷ് സംഭവം വ്യക്തമാക്കി.
“തന്നെയുമല്ല റിപ്പോർട്ട് ചെയ്താൽ അവളുടെ കാമുകൻ ടീച്ചറിന് അതിൻ്റെ കൂലി തന്നോളുമെന്നവളുടെ ഭീഷണിയുമുണ്ടായി. ”
അനീഷ് കൂട്ടിച്ചേർത്തു.
“സമൂഹത്തിൽ എന്തൊരു മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളെ ഭയന്ന് അധ്യാപനം നടത്തേണ്ട ഗതികേടിലൂടെയാണ് ഞങ്ങളൊക്കെ കടന്നു പോകുന്നത് എല്ലാ കുട്ടികളും പ്രശ്നകാരികൾ അല്ല പക്ഷേ പ്രശ്നകാരികൾ എല്ലായിടത്തും ഉണ്ടുതാനും. ” അജയ്ഘോഷ് തന്റെ ശബ്ദം ഇടറാതിരിയ്ക്കാൻ ശ്രദ്ധിച്ചു.
” ദൈവത്തെയും ഗുരുവിനെയും ഒരുമിച്ച് കണ്ടാൽ ഗുരുവിനെ ആദ്യം വന്ദിക്കണമെന്ന് കബീർദാസ് പറഞ്ഞത് പഠിച്ചതൊക്കെ ഇക്കാലത്ത് പ്രാവർത്തികമാകില്ല ചങ്ങാതി ”
അനീഷിൻ്റെ സംസാരത്തിൽ അല്പം രോഷം കലർന്നിരുന്നു.
“പഴയകാലത്തെ അധ്യാപക-വിദ്യാർത്ഥി ബന്ധം എന്നത് കേവലം അറിവ് പകർന്നുനൽകുന്നതിനപ്പുറം, ആത്മീയവും വൈകാരികവുമായ ഒരു ദൃഢബന്ധമായിരുന്നു. ഇന്നത്തെ കാലത്തെക്കാൾ വലിയ ബഹുമാനവും പവിത്രതയും ആ ബന്ധത്തിനുണ്ടായിരുന്നു.”
അജയഘോഷിൻ്റെ കണ്ഠമിടറി.
” നമ്മളൊക്കെ പഠിക്കുന്ന കാലത്ത് അധ്യാപകരെ ദൈവതുല്യമായി കണ്ടിരുന്നു. “മാതാ പിതാ ഗുരു ദൈവം” എന്ന സങ്കൽപ്പം അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു വിദ്യാർത്ഥികൾ ഗുരുക്കന്മാരെ ആദരിച്ചിരുന്നത്. ഗുരുവിന്റെ വാക്കുകൾ അനുസരിക്കുക എന്നത് വിദ്യാർത്ഥികൾ തങ്ങളുടെ കടമയായി കരുതിയിരുന്നു.പക്ഷേ.. ഇപ്പോഴോ..?
അനീഷ് അൽപ്പം ഈർഷയോടെയാണത് പറഞ്ഞത്.
“തെറ്റുകൾ തിരുത്താൻ അധ്യാപകൻ നൽകുന്ന കഠിനമായ ശിക്ഷകളെപ്പോലും വിദ്യാർത്ഥികളും രക്ഷിതാക്കളും പോസിറ്റീവായി മാത്രമാണ് കണ്ടിരുന്നത്. അത് തങ്ങളുടെ നന്മയ്ക്കാണെന്ന പൂർണ്ണബോധ്യം അവർക്കുണ്ടായിരുന്നു”
അജയഘോഷിൻ്റെ വാക്കുകൾ കേട്ട അനീഷ് ചെറുതായി ചിരിച്ചു.
“ജീവിതം വെളിച്ചവും ഇരുളും ചേർന്ന ഒരു യാത്രയാണ് മാഷേ..!, വെളിച്ചത്തെ മാത്രം സ്നേഹിക്കാതെ, നിഴലുകളെയും സ്വീകരിക്കാൻ നമുക്കോരോരുത്തർക്കും കഴിയണം.”
അറിവിനോടും അത് പകർന്നു തരുന്ന വ്യക്തിയോടും ഉള്ള ആത്മാർത്ഥതയെപ്പറ്റിയുമൊക്കെ അനീഷ് സംസാരിച്ചുവെങ്കിലും തന്റെ അനുഭവത്തെപ്പറ്റി മനസ്സുതുറക്കാൻ അജയഘോഷ് മടിച്ചു.
യാത്ര പറഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ ആ പെൺകുട്ടിയെ ലഹരിറാക്കറ്റിന്റെ നീരാളി പിടുത്തത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് തീരുമാനിച്ചു. നനഞ്ഞ വഴിയിലൂടെ മെല്ലെ നടക്കുമ്പോഴും
ഒരു പിതാവിൻ്റെയും ഗുരുവിൻ്റെയും മനസ്സ് അയാളുടെയുള്ളിലിരുന്ന് ചിലത് മന്ത്രിക്കുന്നുണ്ടായിരുന്നു.
പോലീസും കേസുമായാൽ ആ പെൺകുട്ടിയുടെ ജീവിതം അവിടെ തീരും. സമൂഹം അവളെ ‘ലഹരിക്കടത്തുകാരി’ എന്ന് മുദ്രകുത്തും. പാവം, അവളുടെ അച്ഛൻ ഈ അപമാനം താങ്ങില്ല. അലമുറയിട്ട് കരയുന്ന ഒരമ്മയുടെ മുഖം അയാളുടെ മനസിലേക്കോടിയെത്തി,
അവളെ ആരോ ചതിച്ചതാണ്, അല്ലെങ്കിൽ ഭീഷണിപ്പെടുത്തി ഉപയോഗിച്ചതാണ്. ഒരു തെറ്റിൻ്റെ പേരിൽ ആ കുഞ്ഞിൻ്റെ ഭാവി തല്ലിക്കെടുത്തേണ്ടതില്ലെന്നും
ഒരു ശിക്ഷകനായല്ല, അവളെ ഈ അന്ധകാരത്തിൽ നിന്ന് കൈപിടിച്ചുയർത്തേണ്ട ഒരു രക്ഷകനായിട്ടാണ് മാറേണ്ടതെന്നും അതിനുള്ള വഴിയെപ്പറ്റിയും അയാളുടെ ചിന്തകൾ സഞ്ചരിച്ചുകൊണ്ടിരുന്നു.
മാതാപിതാക്കളോട് പറഞ്ഞാൽ അവർ ഇത് എങ്ങനെ സ്വീകരിക്കും, വിശ്വസിക്കുമോ, അതോ അധ്യാപകനെ കുറ്റപ്പെടുത്തുമോ എന്ന സംശയത്തിലും, ഇന്നത്തെ കാലത്ത് ലഹരി മാഫിയകൾ ശക്തമായതിനാൽ, ഇതിനെതിരെ പ്രതികരിച്ചാൽ തനിക്കോ തന്റെ കുടുംബത്തിനോ എതിരെ എന്തെങ്കിലും പ്രതികാരനടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയിലും ഉണ്ടായ മന:സംഘർഷത്താൽ അയാൾ മുന്നോട്ട് നടന്നു.
ഈ വിവരം പുറത്തുപറഞ്ഞാൽ കുട്ടിയുടെ ഭാവി തകരുമോ, സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ചിന്തയും, അവൾ പറഞ്ഞതുപോലെ തനിക്കെതിരെ പീഡനശ്രമത്തിന് പരാതി ഉന്നയിക്കുമോ എന്ന ഭയവും അതേസമയം, പറയാതിരുന്നാൽ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുമല്ലോ എന്ന ആശങ്കയും അയാളെ ധർമ്മസങ്കടത്തിലാക്കി.
ഇതൊന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ ഒന്നുമറിയാത്തതു പോലെ മുന്നോട്ട് പോയാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച് മാനക്കേടില്ലാതെ വിശ്രമജീവിതം നയിക്കാമെന്ന എളുപ്പവഴി സ്വീകരിക്കാൻ അജയലോഷ് ഒരുക്കമല്ലായിരുന്നു.
നേരിട്ട് ബന്ധപ്പെടാതെ എങ്ങനെയെങ്കിലും നസ്രിന്റെ മാതാപിതാക്കളെ രഹസ്യമായി അറിയിച്ച് സ്കൂളിൽ മറ്റുള്ളവർ അറിയാതെ ആ ലഹരിയുടെ ചങ്ങലയുടെ കണ്ണി മുറിച്ച് ആ പെൺകുട്ടിയെ അവൾ അകപ്പെട്ടിരിക്കുന്ന ചതിക്കുഴിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ഉറച്ച തീരുമാനമെടുത്തോടെ, അതിനുള്ള എളുപ്പ വഴി കണ്ടെത്തുന്നതിനെപ്പറ്റി ആലോചിച്ച് അജയഘോഷ് വീട്ടിലേക്ക് നടന്നു.അപ്പോൾ ഒരു മിന്നലിൻ്റെയും ഇടിനാദത്തിൻ്റെയും അകമ്പടിയായി
ചെറിയ കാറ്റിൽ നൂൽ രൂപം പൂണ്ട് മഴ ചാഞ്ഞും ചെരിഞ്ഞും നൃത്തമാടുന്നുണ്ടായിരുന്നു.. മഴയിൽ പൊഴിഞ്ഞ് ഭൂമിയെ ചേർത്തുപിടിച്ചു കിടക്കുന്ന ഇലകളിൽ
അമർത്തിച്ചവിട്ടി അജയഘോഷ് മഴ നനഞ്ഞുനീങ്ങി.
രണ്ടു ദിവസമായി ഭർത്താവിനെന്തു പറ്റിയെന്ന് ചിന്തിച്ച് കാര്മേഘങ്ങള്
മൂടിയ മനസ്സുമായി വൈദ്യുതി വെളിച്ചത്തിൽ
അനാമിക സിറ്റൗട്ടിലെ ഭിത്തിയിൽ ചാരി അയാളുടെ വരവും കാത്തിരിപ്പുണ്ടായിരുന്നു.
എന്തു കാര്യമായാലും ഭർത്താവിനെ കുറ്റപ്പെടുത്താതെ, അദ്ദേഹത്തിന് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയ്യാറാവുകയും. “ഞാൻ നിൻ്റെ കൂടെയുണ്ട്” എന്ന ഉറപ്പ് നൽകുകയും ചെയ്യുന്ന തന്നോട് മനസംഘർഷത്തിന് കാരണം വ്യക്തമാക്കാത്തതിൽ അനാമികയ്ക്ക് സങ്കടം തോന്നി.
തുറന്നുകിടന്ന ഗേറ്റിനപ്പുറത്തെ ഇരുട്ടിലേക്ക് അവൾ ശൂന്യമായ കണ്ണുകളോടെ അയാളുടെ വരവും നോക്കിയിരിക്കുകയായിരുന്നു..
അശോക വനത്തിലെ സീതയെപ്പോലെ.
എം.ജി.ബിജുകുമാർ :- പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ്. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും , ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു. “ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം, കൊന്നപ്പൂങ്കനവ് ,നിലാ ശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.











Leave a Reply