വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ.) നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തും. പ്രിൻസിപ്പലിന് പിന്തുണയുമായി പ്ലസ് ടു വിദ്യാർത്ഥികളും സ്കൂളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിനോദയാത്ര വിവാദത്തെ തുടർന്ന് വടുവഞ്ചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയത്

ഹൈദരാബാദിലേക്ക് നടത്തിയ സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പലിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. പിന്നീട് വിദ്യാർത്ഥികളിൽ ഒരു വിഭാഗം രംഗത്തെത്തി പ്രിൻസിപ്പലിനെതിരെ തങ്ങൾ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പി.ടി.എ. പ്രസിഡന്റിനെതിരെയായിരുന്നു പരാതിയെന്നും വ്യക്തമാക്കി. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും ചില വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മദ്യപിച്ചെന്ന ആരോപണത്തിന്റെ പേരിലല്ല, വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മേഖലാ ഉപഡയറക്ടറുടെ അനുമതിയില്ലാതെ യാത്ര നടത്തിയതും പരമാവധി മൂന്ന് ദിവസം അനുവദിച്ചിരിക്കെ അഞ്ച് ദിവസം നീട്ടിയതും രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദേശം പാലിക്കാത്തതും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പി.ടി.എ. പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി റോജി ബെന്നിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ആരോപണവിധേയനായ പി.ടി.എ. പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.