വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പോളിമേഴ്‌സ് പ്ലാന്റില്‍ നിന്ന് ചോര്‍ന്നത് സ്റ്റൈറീന്‍ വാതകമാണെന്ന് സ്ഥിരീകരിച്ചു. ഇത് പോളിവിനൈല്‍ ക്ലോറൈഡ് (PVC) വാതകമെന്നും അറിയപ്പെടാറുണ്ട്. പ്ലാസ്റ്റിക്, വയര്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണിത്. ഇക്കാര്യം വിശാഖപട്ടണം കമ്മീഷണര്‍ സ്ഥിരീകരിച്ചു. ‘ഇന്ന് വെളുപ്പിനെ 2.30-നാണ് വാതക ചോര്‍ച്ചയുണ്ടായത്. നൂറു കണക്കിന് പേരാണ് വിഷവാതകം ശ്വസിച്ചിട്ടുള്ളത്. വെള്ളം തളിച്ച് വാതകത്തിന്റെ പ്രത്യാഘാതം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്’ അദ്ദേഹം വ്യകതമാക്കി.

കുറഞ്ഞത് മൂന്നു കിലോ മീറ്റര്‍ പരിസരത്തെങ്കിലും വാതക ചോര്‍ച്ച പടര്‍ന്നിട്ടുണ്ടെന്നും അഞ്ച് ഗ്രാമങ്ങളെ പൂര്‍ണമായി ഇത് ബാധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ആറു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ എട്ടു പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. നൂറു കണക്കിന് പേരെയാണ് ശ്വാസതടസവും കണ്ണെരിച്ചലും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളത്.

മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആന്ധ്രാ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി. സുധാകര്‍ വ്യക്തമാക്കി. ടോള്‍ ഫ്രീ നമ്പറു ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആളുകള്‍ കുഴഞ്ഞു വീഴുന്നതിന്റെയും മൃഗങ്ങള്‍ ചത്തുകിടക്കുന്നതിന്റെയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കുട്ടികളെയും മൃഗങ്ങളെയുമാണ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. മൃഗങ്ങള്‍ ചത്ത്‌ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.

കെമിക്കല്‍ വാതക ചോര്‍ച്ചയുണ്ടായാല്‍ നേരിടുന്നതിന് പ്രാവീണ്യം സിദ്ധിച്ച ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

രണ്ടായിരത്തോളം പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചിട്ടുള്ളത്‌. ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ വാതകപൈപ്പാണ് ചോര്‍ന്നിരിക്കുന്നത്. ശ്വാസതടസ്സം, കണ്ണെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടാന്‍ തുടങ്ങി. പലരും വഴിയില്‍ വീണതായി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍ പേരും.

ചോര്‍ന്നത് വിഷവാതകമല്ലെന്നും എന്നാല്‍ ശ്വാസതടസമുണ്ടാക്കുന്നതിനാലാണ് മരണമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വഴിയില്‍ മനുഷ്യര്‍ വീണു കിടക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 ആന്ധ്ര റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടിരുന്നു.

രാവിലെ രണ്ടരയോടെയാണ് എല്‍ജി പോളിമേഴ്സ് ഇന്‍ഡസ്ട്രിയില്‍ വാതക ചോര്‍ച്ച തുടങ്ങിയയത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഗ്രാമങ്ങള്‍‌ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ചോര്‍ച്ച സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടര്‍ വിനയ് ചന്ദ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി അദ്ദേഹം പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഢി സ്ഥലം സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട്.