ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സർക്കാർ വകുപ്പുകൾ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്സിനെ പുതിയ ഊർജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയർമാൻ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടർന്ന് പുറത്താക്കിയിരുന്നു. സംസ്കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നൽകി. മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേർന്നു.

അതേസമയം, സർക്കാർ വകുപ്പുകൾ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകർക്ക് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടമാകുമെന്നും സുനക്കിന്റെ പുനഃസംഘടന ബലഹീനതയുടെ സൂചനയാണെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു. എന്നാൽ മാറ്റങ്ങൾ പ്രധാനമന്ത്രിയുടെ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വകുപ്പുകളെ സഹായിക്കുമെന്നാണ് സർക്കാർ വാദം.പുതിയ ഡിപ്പാർട്ട്‌മെന്റ് ഫോർ എനർജി സെക്യൂരിറ്റിയും നെറ്റ് സീറോയും ദീർഘകാല ഊർജ്ജ വിതരണം സുരക്ഷിതമാക്കുന്നതിനും ബില്ലുകൾ കുറയ്ക്കുന്നതിനും പണപെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുമെന്നും സർക്കാർ പറയുന്നു.

യുകെയുടെ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് റഷ്യ യുക്രൈൻ യുദ്ധം. ഊർജ്ജ ബില്ലുകൾ വർദ്ധിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. ഊർജപ്രതിസന്ധി അധികാരമേറ്റ നാൾ മുതൽ സുനക് നേരിടുന്ന പ്രശ്നമാണ്. ഇതിനായി മാത്രം വകുപ്പ് സ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. രാജ്യത്തിന് കൂടുതൽ ഊർജ സുരക്ഷയും സ്വാതന്ത്ര്യവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും, അതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടിയെന്നും സുനക് വ്യക്തമാക്കി.