ഫാ. ഹാപ്പി ജേക്കബ്

സർവ്വ ദാനങ്ങളുടെയും കൃപകളുടെയും നടുവിൽ ആയിരിക്കുമ്പോഴും പല അവസരങ്ങളിലും ദൈവത്തെ അറിയുവാനോ കൃപകളെ തിരിച്ചറിയുവാനോ കഴിയാതെ വരുന്ന പല സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. എന്താണ് കാരണം എന്നന്വേഷിച്ചാൽ അതിനുത്തരം ദൈവത്തെ കാണുന്നതിന് പകരം നമ്മിലേക്ക് തന്നെ നോക്കുന്നതും സ്വയത്തിൽ മതിവയ്ക്കുന്നതും ആയതിനാൽ ആണ് . തൻറെ സൗന്ദര്യം, സ്വന്തം ബലം, ധനം, കുടുംബം, കുഞ്ഞുങ്ങൾ ഇങ്ങനെ ഇങ്ങനെ പലതും നമ്മുടെ ദൃഷ്ടി സ്വയത്തിലേക്ക് മാത്രം ആയി തീരുന്നു.

വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 13-ാം അദ്ധ്യായം 10 – 11 വരെയുള്ള വാക്യങ്ങൾ നിന്നും നമുക്ക് ചിന്തിക്കാം. കർത്താവ് ദൈവാലയത്തിൽ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾ ഒട്ടും നിവരുവാൻ കഴിയാത്ത ഒരു സ്ത്രീയെ കാണുന്നു. അവളെ അടുത്ത് വിളിച്ച് സൗഖ്യം നൽകുന്നു. പാപത്തിന്റെ. ഭാരത്താലും, പൈശാചിക ബന്ധനത്താലും നിവരുവാൻ കഴിയാത്ത ഈ സ്ത്രീ  നമ്മുടെ ഒക്കെ പ്രതീകമായി നിൽക്കുന്നു. ഏതൊക്കെ കാരണങ്ങളും ബന്ധനങ്ങളും നമ്മെ കെട്ടിവരിഞ്ഞ് ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിയാത്തവിധം കൂന് ബാധിച്ചിരിക്കുന്നു. ഇത് കൂടാതെയാണ് സ്വയത്തിലുള്ള പുകഴ്ചയും ആശ്രയ ബോധവും . നേരു വിട്ട പ്രവർത്തനം, കൈക്കൂലി, അമിതലാഭം, ഇവയൊക്കെ പാപത്തിന്റെ ഫലമാണ് എങ്കിലും ദിവസേന ചെയ്ത് ഇന്ന് ഇത് ജീവിത ഭാഗമായിത്തീർന്നിരിക്കുന്നു. ആദ്യദിനം കൈക്കൂലി വാങ്ങുന്നവന് അല്പം ജാള്യതയും ഭയവും ഉണ്ടാകുമെങ്കിൽ പിന്നീട് അത് സാധാരണ ഭാവം ആയി മാറുന്നു. ഇതുപോലെ തന്നെയാണ് പാപവും . കൂടുതലായി നാം പരിശോധിക്കുകയാണെങ്കിൽ ഒരു കാലത്ത് നാം അകറ്റി നിർത്തിയിരുന്ന പല തിന്മകളും, പാപവും ഇന്ന് അങ്ങനെ അല്ലാതായി മാറിയിരിക്കുന്നു. അതിനോടുള്ള മനോഭാവം മാറിയതാണ് അതിൻറെ കാരണം.

പിന്നെ താൻ എന്ന ഭാവം . സ്വന്ത ബലത്തിലുള്ള അഹങ്കാരം. മറ്റൊന്നിനേയും കാണാതെ തന്നെ മാത്രം കാണുന്ന അവസ്ഥ. ഈ അവസ്ഥയിൽ സഹജീവികളെ മാത്രമല്ല ദൈവത്തെ പോലും കാണാൻ കഴിയാത്ത ജീവിതം . അത്രയ്ക്ക് വലിയ കൂന് സംഭവിച്ചിരിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിൽ ഒരു കഥ വിവരിക്കുന്നുണ്ട്. ഒരു മനുഷ്യന്‌ ധാരാളം അനുഗ്രഹം ലഭിച്ചു. അവൻ സ്വയമായി പറയുന്നു. എനിക്ക് ധാരാളം ലഭിച്ചിരിക്കുന്നു. കൂട്ടി വയ്ക്കുവാൻ സ്ഥലം തികയുന്നില്ല. അതിനാൽ പൊളിച്ച് മറ്റാർക്കും കൊടുക്കാതെ കൂട്ടി വയ്ക്കുവാൻ അവൻ പുതിയ ഇടം പണിയുകയാണ്. തിന്നുക, കുടിക്കുക ആനന്ദിക്കുക ഇതാണ് അവൻറെ മനസ്സ് അവനോട് പറയുന്നത്. എന്നാൽ ദൈവം അവനോട് പറയുന്നത് ഇന്ന് നിൻറെ പ്രാണനെ നിന്നോടു ചോദിച്ചാൽ ഈ കൂട്ടി വച്ചത് ഒക്കെ ആർക്കാകും. ഈ നോമ്പിൽ നാമും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം ഇതാണ്. നീ നിനക്കായി എന്ന് നീ കരുതി വച്ചിരിക്കുന്നതൊക്കെ ആർക്കാകും. സ്വന്തം സഹോദരനോട് മല്ലിട്ട് നീ നേടിയതും , അപ്പനേയും അമ്മയേയും സഹോദരങ്ങളേയും വഞ്ചിച്ച് നീ കൈവശപ്പെടുത്തിയത് ഒക്കെ പ്രാണൻ ഇല്ലാതെ എങ്ങനെ അനുഭവിക്കും .

എന്നാൽ കർത്താവ് അവളുടെ കൂന് നിവർത്തി സൗഖ്യം കൊടുത്തപ്പോൾ അവൾ നിവർന്ന് നിന്ന് അവൻറെ മുഖം കണ്ടു. ഇനി കാണുന്നത് ദൈവത്തെയും അവളുടെ ചുറ്റും ഉള്ളവരെയാണ് . സ്വയം പൊയ്പ്പോയി. ഒരുത്തൻ നാശത്തിലേക്ക് പോയാൽ അവനെ ശത്രുക്കൾ കുറയും. എന്നാൽ ജീവിതത്തിലേക്ക് വന്നാൽ പലരിലൂടെയും , പ്രവർത്തനങ്ങളിലൂടെയും ശത്രുക്കൾ ധാരാളം ഉണ്ടാകും. ഇത് അക്ഷരാർത്ഥത്തിൽ സത്യമല്ലേ . ഇത് തന്നെയല്ലേ നാം ഇവിടേയും കാണുന്നത്.

അവൾക്ക് സൗഖ്യം ലഭിച്ചപ്പോൾ ചുറ്റും കൂടിനിന്നവർ അവൾക്ക് എതിരെ തിരിയുന്നു. സൗഖ്യം ലഭിച്ച സമയവും സാഹചര്യവും എല്ലാം അവർ കുറ്റാരോപണത്തിനായി എടുത്ത് ഉപയോഗിക്കുന്നു. എന്നാൽ ചില പഴയ നിയമ വാക്യങ്ങൾ ഉച്ചരിച്ച് കർത്താവ് അവർക്ക് മറുപടി കൊടുക്കുന്നു . ക്രിസ്ത്യാനികൾ പലപ്പോഴും ക്രൈസ്തവ ക്രൈസ്തവത്തിനെതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലേ. പല തട്ടമുട്ടികളും പറഞ്ഞ് അനേകർക്ക് ലഭിക്കേണ്ട സൗഖ്യവും ക്യപയും നാം തട്ടിമാറ്റുന്നില്ലേ . എന്താണ് നമ്മുടെ ധർമ്മം . എല്ലാവരും ക്രിസ്തുവിനെപ്പോലെ ആയി തീർന്ന് അനേകർക്ക് പ്രകാശമാകേണ്ടവരും ദൈവകൃപ ആസ്വദിക്കേണ്ടവരുമാണ്. നമ്മുടെ കർത്താവ് അരുളിയത് പോലെ എന്നെ കണ്ടവൻ എന്റെ പിതാവിനെ കണ്ടിരിക്കുന്നു. നമ്മെ കാണുന്നവർ നമ്മളിലൂടെ കർത്താവിനെ കാണുമ്പോൾ മാത്രമേ ക്രൈസ്തവജീവിതം പരി പൂർണമാവുകയുള്ളൂ. ഈ നോമ്പും നമ്മെ പഠിപ്പിക്കുന്നു . സ്വയത്തിലുള്ള പ്രശംസയും ആശ്രയവും മതിയാക്കി അനേകരെ നേടുവാൻ തക്കവണ്ണം മാറ്റപ്പെടുക. പരിശുദ്ധവും ശ്രേഷ്ഠവുമായ നോമ്പേ സമാധാനത്താലെ വരിക.

കർത്തൃശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.