ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ കസോലിയിൽ സ്വകാര്യ ഹോട്ടൽ കെട്ടിടം പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. അതീവ ഗൗരവമുള്ള പ്രശ്നമാണിതെന്നു സുപ്രീംകോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

‘ജനങ്ങളെ കൊല്ലാനാണു പദ്ധതിയെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു നിർത്താം. നിരവധി പേരാണു തങ്ങളുടെ ഉത്തരവുകൾ ലംഘിക്കുന്നത്. പൊലീസ് എന്തുകൊണ്ടാണു നടപടിയെടുക്കാത്തത്? ഏകദേശം 160 പൊലീസുകാർ നിയമനടപടിക്കു പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്നെന്നാണു വിവരം. അക്രമം നടക്കുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നു’– സുപ്രീംകോടതി ചോദിച്ചു.

ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെ കസോലിയിൽ 13 ഹോട്ടലുകളുടെ നിയമവിരുദ്ധ നിർമാണങ്ങൾ നീക്കുന്നതിനായിരുന്നു ശൈൽ ബാല എന്ന അസിസ്റ്റന്റ് ടൗൺ ആൻഡ് കൺട്രി പ്ലാനർ എത്തിയത്. നാരായണി ഗെസ്റ്റ് ഹൗസിന്റെ സമീപം ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉടമയായ വിജയ് സിങ് വെടിവയ്ക്കുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവുപ്രകാരം കെട്ടിടം പൊളിക്കാനെത്തിയവർക്കു നേരെയായിരുന്നു അതിക്രമം. വെടിയേറ്റ ശൈൽ ബാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തൊഴിലാളി ഗുലാബ് സിങ്ങിനും വെടിയേറ്റിരുന്നു. രക്ഷപെട്ട അക്രമിയെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമം തുടരുകയാണ്. പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണു കസോലി.