നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾ തൃശ്ശൂരിനായി ചരടുവലികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

കഴിഞ്ഞതവണ മത്സരിച്ച് നേട്ടമുണ്ടാക്കിയ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടാൻ എഎൻ രാധാകൃഷ്ണൻ ശ്രമിക്കുകയാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലേക്ക് രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശ്ശൂരിൽ നിന്ന് മത്സരിച്ചത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.

മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിച്ചേക്കും. ഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർത്ഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെകെ അനീഷ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് നടന്‍ സുരേഷ്‌ഗോപിയുടേത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരത് സ്ഥിരീകരിച്ച മട്ടാണ്.

എന്നാല്‍ ഞങ്ങളുടെ അന്വേഷത്തിലും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല.

നിലവില്‍ അദ്ദേഹം ബി.ജെ.പിയുടെ നോമിനേറ്റഡ് രാജ്യസഭാംഗമാണ്. ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി കൂടി അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഒരവസരംകൂടി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലാണ്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനുശേഷം നിരവധി സിനിമകളുടെ ഭാഗമാണ് സുരേഷ്‌ഗോപി. നിഥിന്‍ രഞ്ജിപണിക്കരുടെ കാവല്‍ പൂര്‍ത്തിയായി. ജോഷി, മേജര്‍ രവി, മാത്യുതോമസ് എന്നിവരുടെ പ്രോജക്ടുകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജൂണിലാണ് മാത്യു തോമസിനുള്ള ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ ഇലക്ഷനില്‍ സുരേഷ്‌ഗോപി മത്സരിക്കില്ല. പക്ഷേ ബി.ജെ.പിയുടെ താരപ്രചാരകനായി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തല്‍ക്കാലം അദ്ദേഹത്തെ ബി.ജെ.പി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.

പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലം താരം പരിഗണിച്ചേക്കും.