വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ സൂര്യ ഗായത്രിയെന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്നതാണെന്ന്് കോടതി കണ്ടെത്തി. കേസിൽ പ്രതിയായ പേയാട് സ്വദേശി അരുണാണ് കേസിലെ പ്രതി. ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക.

പ്രതിക്ക് എതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ തുടങ്ങിയ പോലീസ് ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്ന് കോടതി വിലയിരുത്തു.

2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20കാരിയായ സൂര്യഗായത്രിയെ പ്രതി കുത്തി കൊലപ്പെടുത്തുന്നത്. സൂര്യ ഗായത്രിയുടെ ശരീരത്തിൽ 30 തവണ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. കൊലക്കുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

മാരകമായ മുറിവേറ്റ സൂര്യ ഗായത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടർച്ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുൺ പ്രദേശം നിരീക്ഷിച്ച് ആളൊഴിഞ്ഞ സമയം കൃത്യത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

സൂര്യഗായത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ പ്രതി വീടിന്റെ അടുക്കളയിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചത്. വീടിനകത്തേക്ക് ഒളിച്ചുകടന്ന പ്രതി ഒളിച്ചിരുന്ന സൂര്യ ഗായത്രിയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ം അച്ഛൻ ശിവദാസനെ അടിച്ചുവീഴ്ത്തിയ പ്രതി, ഭിന്നശേഷിക്കാരിയായ അമ്മ വത്സല മകളുടെ അരികിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ അവരേയും മർദ്ദിച്ചിരുന്നു.

പക തീരും വരെ സൂര്യഗായത്രിയുടെ ശരീരത്തിൽ പ്രതി കത്തി കുത്തിയിറക്കുകയും. പിന്നീട് മരണം ഉറപ്പിക്കാൻ പ്രതി സൂര്യഗായത്രിയുടെ തല പിടിച്ച് ചുമരിൽ ഇടിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കൃത്യത്തിന് ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം മുതൽ കോടതി ജാമ്യം നൽകാത്തതിനാൽ ഇയാൾ ജയിലിലാണ്.