ക്വലാലംപൂര്‍: തായ്‌ലന്‍ഡിലെ ഒരു ബീച്ചില്‍ മൂന്നു മീറ്ററോളം നീളമുള്ള വിമാനാവശിഷ്ടം അടിഞ്ഞു. കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റേതാണ് ഈ അവശിഷ്ടമെന്നാണ് നിഗമനം. നാഖോം സി തമാരാറ്റ് പ്രവിശ്യയിലുള്ള ബീച്ചിലാണ് വളഞ്ഞ ലോഹഭാഗം അടിഞ്ഞത്. ഇതില്‍ കക്കകള്‍ പൊതിഞ്ഞിരിക്കുകയാണ്. പ്രദേശവാസികളാണ് ഇത് കണ്ട വിവരം അധികൃതരെ അറിയിച്ചത്. 2014 മാര്‍ച്ചിലാണ് ക്വലാലംപൂരില്‍ നിന്ന ബീജിംഗിലേക്ക് പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ വിമാനം 239 യാത്രക്കാരുമായി കാണാതായത്.
കഴിഞ്ഞ ജൂലൈയില്‍ ഫ്രഞ്ച് പ്രദേശമായ റീയൂണിയന്‍ ദ്വീപില്‍നിന്ന് വിമാനത്തിന്റെ ഒരു ഭാഗം ലഭിച്ചിരുന്നു. ഇതു മാത്രമാണ് കാണാതായ വിമാനത്തിന്റേതായി ഇതുവരെ ലഭിച്ച അവശിഷ്ടം. ഇത്തരത്തിലുള്ളല രണ്ടാമത്തേതാണ് താ്യലന്‍ഡില്‍ കണ്ടെത്തിയത്. പാക് ഫനാംഹഗ് ജില്ലയിലാണ് അവശിഷ്ടം കരയ്ക്കടിഞ്ഞത്. മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വീതിയും ഇതിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും ഇതൊരു വിമാനത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആദ്യം വിമാനാവശിഷ്ടം ലഭിച്ച ഫ്രഞ്ച് റീയൂണിയന്‍ ദ്വീപില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് തായ്‌ലന്‍ഡ്. ഇപ്പോള്‍ വിമാനാവശിഷ്ടം കണ്ടെത്തിയ പ്രദേശം ആദ്യത്തേതിന്റെ വിപരീത ദിശയിലാണ് സ്ഥിതി ചെയ്യുന്നതെന്നതും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തായ് മാധ്യമങ്ങള്‍ ഇത് മലേഷ്യന്‍ വിമാനത്തിന്റേതു തന്നെയെന്ന് ഉറപ്പിച്ചു പറയുന്നു. എന്തായാലും വിമാനാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിന് ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ് ഈ സംഭവം.

കാണാതാകുന്നതിനു മുമ്പ് ആരോ മനഃപൂര്‍വം വിമാനത്തിന്റെ ട്രാന്‍സ്‌പോന്‍ഡറുകള്‍ ഓഫാക്കിയതായി അന്വേഷണം നടത്തുന്ന വിഗദ്ധര്‍ കരുതുന്നുണ്ട്. വിമാനത്തിലെ യാത്രക്കാരിലധികവും ചൈനക്കാരായിരുന്നു. അതുകൊണ്ട് വിഷയയത്തിലുണ്ടാകുന്ന പുരോഗതി വിശകലനം ചെയ്തുല വരികയാണെന്ന് ചൈനീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.