തിരുവനന്തപുരം ∙ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന കേസിൽ നിർണായക വിവരങ്ങളുമായി ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്തുവന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ ആദ്യ കേസ് ഡയറിയിൽ പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് മാറ്റിനിർത്തിയ ശേഷമാണ് ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നതായാണ് വിവരം. പിന്നീട് ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളാൻ ശ്രമിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന കറുത്ത വാഹനത്തിൽനിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ടിട്ട മൂന്ന് പേരും ഇറങ്ങി പ്രതിഷേധക്കാർക്കെതിരെ ലാത്തിപോലുള്ള ആയുധം ഉപയോഗിച്ചതായും കേസ് ഡയറിയിൽ പറയുന്നുണ്ട്. ആക്രമണത്തിൽ പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റതായും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷിമൊഴികൾ ശേഖരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. പിണറായി വിജയൻ പറഞ്ഞത് പോലെ രക്ഷാപ്രവർത്തനം അല്ല, നേരിട്ടുള്ള മർദനമാണുണ്ടായതെന്നാണ് ആദ്യ രേഖ ചൂണ്ടിക്കാണിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുണ്‍ തയാറാക്കിയ ആദ്യ കേസ് ഡയറി പിന്നീട് പെൻഡ്രൈവിലാക്കി എഡിജിപി എം. ആർ. അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. തിരുത്തുന്നതിന് മുമ്പും ശേഷവുമുള്ള കേസ് ഡയറി എസ്‌ഐടി കണ്ടെടുത്തതായും വിശദമായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നും സൂചനയുണ്ട്. ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് ഇനി സർക്കാരിന്റെ തുടർനടപടിയിൽ നിർണായകമാകുക.