ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി. തന്റെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണ്. സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു.

കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തില്‍ പറയുന്നതിങ്ങനെ:

ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16ാം വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന ആരോപണം പോലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേര്‍ന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസിലായത്.

ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. എന്നാല്‍, സന്ധ്യയ്ക്ക് തന്റെ കുടുംബത്തോടും ഗംഗേശാനന്ദയോടും ശത്രുതയുള്ളതിനാല്‍ അവരുമായി ബന്ധപ്പെട്ടില്ല. സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍  തന്നോട് നിര്‍ദ്ദേശിച്ചതും അയ്യപ്പദാസ്  ആണ്. എന്നാല്‍, രാത്രി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

പിന്നീട് ഗംഗേശാന്ദയുടെ നിലവിളി കേട്ട് താന്‍ വീടിന് പുറത്തക്കോടുകയായിരുന്നു. അയ്യപ്പദാസ് നിര്‍ദ്ദേശിച്ചപ്രകാരം ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തിയെങ്കിലും തുറക്കാത്തതിനാല്‍ 100ലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറയുകയായിരുന്നു. മൊഴി പലതവണ പോലീസ് തിരുത്തിയെഴുതി. വായിക്കാനറിയാത്തത് മൂലം എന്താണ് എഴുതിവെച്ചതെന്ന് പരിശോധിക്കാനും സാധിച്ചില്ല.

തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ തന്റെ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു. അതേ ദിവസം തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടെന്നും കത്തില്‍ യുവതി ആരോപിയ്ക്കുന്നു. വീട്ടുകാരെ കാണാന്‍ അനുവദിച്ചതുമില്ല. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും കഥ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചെന്നും കത്തില്‍ പറയുന്നു.