ഡിപ്ലോമാറ്റിക് കാർഗോയിലെ സ്വർണ്ണക്കടത്ത് കേസിൽ ആദ്യ പ്രതികരണവുമായി ഒളിവിലുള്ള സ്വപ്‌ന സുരേഷ്. കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം മാത്രമാണ് താൻ ഇതിൽ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്‌ന പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദ്രോഹിക്കാതെ കൃത്യമായി ഈ കേസ് അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും സ്വപ്‌ന പറഞ്ഞു.

മാറിനിൽക്കുന്നത് ഭയംകൊണ്ടാണ്. കേസുമായി ബന്ധമുള്ളതുകൊണ്ടല്ല. ചടങ്ങുകൾക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. എന്റെ റോൾ എന്താണെന്ന് എല്ലാവരും അറിയണം. കോൺസുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടില്ല. നിങ്ങൾ ഇതിന്റെ സത്യം അന്വേഷിക്കൂ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങൾ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല-സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട് ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്. തികച്ചും ഔദ്യോഗികമായി മാത്രം. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എന്റെ കുഞ്ഞുമക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന തന്റെ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഓണറബ്ൾ സ്പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനുംസാക്ഷിയായിട്ടില്ല. യുഎഇയിൽനിന്ന് വിവിഐപികൾ വരുമ്പോൾ അവരെ പിന്തുണക്കുകയാണ് എന്റെ ജോലി.

വിവിധ ചടങ്ങുകൾക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാർത്ത നിങ്ങൾ കൊടുക്കും. അവരെ നിങ്ങൾ ഇൻവെസ്റ്റിഗേറ്റ് ചെയ്താൽ നിങ്ങൾ തോറ്റു പോകും. ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങൾ ഓരോ കുടുംബത്തിനേയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ സത്യം അന്വേഷിക്കൂ.

ഡിപ്ലോമാറ്റിക് കാർഗോ താമസിച്ചപ്പോൾ ഡിപ്ലോമാറ്റ് വിളിച്ചു.’കാർഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’, അത് മാത്രമാണ് അന്വേഷിച്ചത്.

എന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്. ഞാനും എന്റെ കുടുംബവും ആത്മഹത്യചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഓരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്ന സുരേഷ് പറയുന്നു. എന്നേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ദ്രോഹം എനിക്കും കുടുംബത്തിനും മാത്രമാണ്. ഈ വിഷയം മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ ബാധിക്കില്ല. ഇലക്ഷനെ സ്വാധീനിക്കാൻ നിൽക്കാതെ സത്യം അന്വേഷിക്കണം. കരാറുകളുടേയും മീറ്റിങ്ങുകളുടേയും സത്യം അന്വേഷിക്കൂ. ഇങ്ങനെയായാൽ ഒരുപാട് സ്വപ്‌നമാർ നശിച്ചുപോകുമെന്നും അവരുടെ മക്കൾ നശിച്ചുപോകുമെന്നും ഞാൻ എന്ന സ്ത്രീയെയാണ് അപമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.