യുകെയില്‍ പുതുതായി കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ ഇരട്ടക്കെണിയിലേക്കാണ് വന്നെത്തുന്നത്. വ്യാജ വ്‌ലോഗര്‍മാരുടെയും യൂ ട്യൂബര്‍മാരുടെയും തരികിട ഏജന്‍സികളും പറയുന്നത് കേട്ട് യുകെ സ്വര്‍ഗം ആണെന്നും ലക്ഷങ്ങള്‍ കൈയില്‍ എത്തും എന്നും കേട്ടാണ് കുഞ്ഞു കുട്ടി പരിവാരങ്ങളുമായി അനേകം കുടുംബങ്ങള്‍ യുകെയില്‍ എത്തുന്നത്. ഒരു സീനിയര്‍ കെയറര്‍ക്ക് വര്‍ഷം 20000 പൗണ്ടില്‍ മാത്രം, ശമ്പളം ലഭിക്കുമ്പോള്‍ അതിന്റെ ഇരട്ടിയിലേക്കു ചിലവുകള്‍ എത്തുന്ന കെട്ടകാലമാണിപ്പോള്‍.

രണ്ടും മൂന്നും കുട്ടികളുമായി മികച്ച ജോലിയില്ലാതെ എത്തുന്ന കുടുംബങ്ങള്‍ നരക യാതനയിലാണ് യുകെയില്‍ തള്ളിനീക്കുന്നത്. ഇതിനിടയില്‍ രണ്ടുപേര്‍ക്കും ഫുള്‍ ടൈം ജോലിയില്ലെങ്കില്‍ കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും വയ്യാത്ത നിലയിലാകും. ഇത്തരം ഒരു ഇരട്ടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളി കുടുംബങ്ങള്‍.

ഈ സാഹചര്യത്തിലാണ് മറ്റു മാര്‍ഗം ഇല്ലാതെ പല പുതിയ മലയാളി കുടുംബങ്ങളും രണ്ടു പേരും മിനിമം വേജ് ശമ്പളത്തില്‍ ഫുള്‍ ടൈം ജീവനക്കാരായി ജോലിക്കു പോകും. കയ്യില്‍ കിട്ടുന്നതില്‍ നിന്നും കുട്ടികളെ നോക്കാന്‍ ചൈല്‍ഡ് മൈന്‍ഡറെ ഏല്‍പ്പിച്ചാല്‍ പിന്നീട് ബാക്കിയൊന്നും മിച്ചമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തെറ്റാണെങ്കിലും പലരും നിവര്‍ത്തിയില്ലാത്ത അവസ്ഥയിൽ കുട്ടികളെ കുറച്ചു നേരത്തേക്കെങ്കിലും ഒറ്റയ്ക്കിരുത്തി ജോലിക്കു പോകും.

കഴിഞ്ഞ ദിവസം കവന്‍ട്രിയിൽ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയ മാതാപിതാക്കള്‍ അനുഭവിച്ചത്‌ ആശങ്കയുടെയും വേദനയുടെയും നാലു നാളുകളാണ്. കുട്ടിയെ തനിച്ചാക്കി ജോലിക്കു പോയ പിതാവ് മാതാവ് തിരിച്ചെത്തുമ്പോൾ അയൽവാസികൾ പോലീസിനെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപ്പിച്ചിരുന്നു. നാലു ദിവസത്തെ നിയമ പോരാട്ടത്തിനും ശിക്ഷ നടപടിക്കും ശേഷമാണ് കരഞ്ഞു തളർന്ന മാതാപിതാക്കൾക്ക് കുട്ടിയെ തിരിച്ചു കൊടുത്തത്.

പുതുതായി എത്തുന്ന കുടുംബങ്ങള്‍ പരസ്പരം സൗഹൃദം കെട്ടിപ്പടുക്കാനും സഹായം ആവശ്യമായ സമയത്ത് അത് ചോദിയ്ക്കാന്‍ മടിക്കുകയും ചെയ്താല്‍ കാണാമറയത്ത് ഇരിക്കുന്ന അപകടക്കെണി പോലും അരികില്‍ എത്തുന്ന രാജ്യമാണ് യുകെ. . ഒരു കുഞ്ഞിനെ സോഷ്യല്‍ കെയര്‍ സംരക്ഷണം ഏറ്റെടുത്താല്‍ പിന്നെ വിട്ടു കിട്ടുക എന്നത് മാതാപിതാക്കളുടെ ഭാഗ്യം പോലെയിരിക്കും.

ഇത്തരത്തില്‍ അനേകം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യുകെയിലെ മലയാളി കുടുംബങ്ങള്‍ക്ക് നഷ്ടമായിട്ടുള്ളത്. അതിനാല്‍, മുന്നറിയിപ്പുകള്‍ അവഗണിയ്ക്കാതിരിക്കുക എന്നതാണ് യുകെയില്‍ എത്തിയ പുതിയ മലയാളികള്‍ ഏറ്റവും വേഗത്തില്‍ മനസിലാക്കിയിരിക്കേണ്ട ആദ്യ പാഠവും.