ടൗട്ടേ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ സംഹാരതാണ്ഡവം നടത്തി ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരത്തുനിന്നും മേയ് 17 വൈകുന്നേരമാണ് ഗുജറാത്ത് തീരത്തേക്ക് എത്തിയത്. അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടാക്കിയാണ് കാറ്റ് മടങ്ങിയത്. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേർ മുങ്ങിമരിച്ചു.

അതേസമയം, തീവ്രതയേറിയ ചുഴലിക്കാറ്റ് 18 ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.

‘ടൗട്ടെ’ ചുഴലിക്കൊടുങ്കാറ്റിൽ ലക്ഷദ്വീപിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ആളപായമില്ല. ദ്വീപുകളെല്ലാം ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ കാറ്റ് ശനിയാഴ്ച ഉച്ചവരെ നാശം വിതച്ചു. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്‌ലാത്ത്, കടമത്ത്, അമിനി തുടങ്ങിയ ദ്വീപുകളിലാണ് ഏറെയും നാശം ഉണ്ടായത്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിനിടെ, കൊച്ചി തീരത്തുനിന്ന് പോയ മീൻപിടിത്ത ബോട്ട് ലക്ഷദ്വീപിനടുത്ത് കടലിൽ മുങ്ങിയതായി വിവരം ലഭിച്ചു. ഒമ്പതു തൊഴിലാളികളെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് കൊച്ചിയിലുള്ള ഏജന്റ് ഹാഷിമിനെ വിവരമറിയിച്ചത്. മറ്റ് ബോട്ടുകളിലുള്ളവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ദൗത്യം പരാജയപ്പെട്ടു.

തമിഴ്‌നാട്ടിൽനിന്നുള്ള മണിവേൽ, മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ജയൻ, പ്രവീൺ എന്നിവരും രണ്ട് വടക്കേ ഇന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി, വൈപ്പിൻ മേഖലയിൽനിന്ന് കടലിലേക്കുപോയ നൂറോളം ഗിൽനെറ്റ് ബോട്ടുകളെക്കുറിച്ച് വിവരമില്ല. ലക്ഷദ്വീപിനടുത്ത് മീൻപിടിക്കുന്നതായാണ് വിവരം. കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഇവരെ അറിയിക്കാൻ സംവിധാനമില്ല.