ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ തുര്‍ക്കി സ്വദേശി പിടിയില്‍. കബാബ് ഷെഫ് ആയ ഇസാ യാസ്ഗിയാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സിയുടെ പിടിയിലായത്. 1,000 പൗണ്ട് പ്രതിഫലം വാങ്ങി തുര്‍ക്കി സ്വദേശികളാണ് തട്ടിപ്പ് നടത്താന്‍ സഹായിച്ചതെന്ന് യാസ്ഗിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്റ്റാഫോഡ്ഷയര്‍, കോബ്രിഡ്ജില്‍ താമസിച്ചു വരുന്ന യാസ്ഗിക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. യാസ്ഗി ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് 12 മാസത്തെ സാമൂഹിക സേവനവും 180 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ 185 പൗണ്ട് കോടതി ചെലവും 85 പൗണ്ട് വിക്റ്റിം സര്‍ച്ചാര്‍ജും അടക്കണം.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ അറിയില്ലെന്നത് അതീവ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ഡാല്‍ട്ടണ്‍ പറഞ്ഞു. നോര്‍ത്ത് സ്റ്റാഫോഡ്‌ഷെയറിലെ ജസ്റ്റിസ് സെന്ററില്‍ നടന്ന വിചാരണയില്‍ യാസ്ഗി കെന്റിലെ ചാത്താമില്‍ നടന്ന ടെസ്റ്റിലും സ്റ്റാഫ്‌സിലെ ഹാന്‍ലിയിലും നടന്ന ടെസ്റ്റിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ യാസ്ഗി ടെസ്റ്റിനായി നല്‍കിയ ഹെഡ് ഫോണിനുള്ളില്‍ വെച്ച് ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ മോയിറ ബെല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ തട്ടിപ്പ് യാസ്ഗി നടത്തിയത്.

ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു യാസ്ഗി മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ സ്റ്റാഫ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വെയിസ്റ്റ് ബാന്‍ഡില്‍ നിന്ന് എന്തോ ഉപകരണം ഹെഡ്‌ഫോണില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റാഫ് അംഗം പരിശോധിച്ചപ്പോള്‍ അത് ബ്ലൂടുത്ത് ഡിവൈസാണെന്ന് മനസ്സിലാകുകയായിരുന്നു. തുര്‍ക്കി കുടിയേറ്റക്കാരാണ് പരീക്ഷ വിജയിക്കാന്‍ ഇങ്ങനെയൊരു എളുപ്പമാര്‍ഗമുണ്ടെന്ന് പറഞ്ഞുതന്നതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.