അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന വാർത്ത വളരെ വേഗമാണ് ലോകത്ത് പ്രചരിച്ചത്. എന്നാൽ ദാവൂദ് മരിച്ചിട്ടില്ലെന്നും പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നെന്നും വെളിപ്പെടുത്തി അയാളുടെ അടുത്ത സഹായി ഛോട്ടാ ഷക്കീൽ രംഗത്തു വന്നു. ദാവൂദിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്റലിജൻസ് വ‍ൃത്തങ്ങളും രംഗത്തുവന്നു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ ദാവൂദ് മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എക്സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം. ‘‘പാക്കിസ്ഥാലിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽ ചെന്ന് മരിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.’’ എന്നാണ് ഇതിൽ പറയുന്നത്. എന്നാൽ ഈ ‘വൈറൽ’ സ്ക്രീൻഷോട്ട് വ്യാജമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്