ശ്രീനാരായണ ഗുരുദേവന്റെ മാനവിക സന്ദേശമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വിശ്വസാഹോദര്യ ദർശനം ജീവിതത്തിൽ പകർത്തി സേവനത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ മുന്നേറുന്ന സേവനം യു.കെ. നോർവിച്ച് യൂണിറ്റിന്റെ ഒന്നാം വാർഷികം ഭക്തിനിർഭരവും ആഘോഷപൂർവവുമായി സംഘടിപ്പിച്ചു.

ശ്രീ സുനീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഗുരുപൂജയോടെയായിരുന്നു ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. തുടർന്ന് നോർവിച്ച് യൂണിറ്റ് പ്രസിഡന്റ് ശ്രീ പ്രകാശ് വാസുവിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം സേവനം യു.കെ. ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ തന്നെ ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും സേവനത്തിന്റെ മൂല്യങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ നോർവിച്ച് യൂണിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കുടുംബങ്ങൾ യൂണിറ്റിന്റെ ഭാഗമാകുന്നത് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതൃനിരയുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെയും സമർപ്പണബോധത്തിന്റെയും തെളിവാണെന്നും അദ്ദേഹം അഭിനന്ദിച്ചു. യു.കെ.യിലെ ശിവഗിരി ആശ്രമത്തെ കേന്ദ്രമാക്കി ജാതി-മത-വർഗഭേദമന്യേ ഗുരുദേവന്റെ മാനവിക ദർശനവും വിശ്വസാഹോദര്യ സന്ദേശവും ഓരോ കുടുംബത്തിലേക്കും എത്തിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനം യു.കെ. കൺവീനർ ശ്രീ ഗണേഷ് ശിവൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ദർശനം സമൂഹത്തെ മാറ്റിമറിക്കാൻ ശക്തിയുള്ളതാണെന്നും ആത്മീയതയും സേവനവും പരസ്പരം പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ ഗുരുദേവന്റെ മൂല്യങ്ങൾ വളർത്തിയെടുക്കുകയും യുവതലമുറയെ സേവനത്തിന്റെയും ധർമ്മത്തിന്റെയും പാതയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സേവനം യു.കെ. കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീമതി കല ജയൻ, നോർവിച്ച് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീജു പുരുഷോത്തമനെ ജോയിന്റ് സെക്രട്ടറിയായും ഋഷിരാജ് പുതുപറമ്പിലിനെ യുവധർമ്മ കോർഡിനേറ്ററായും തെരഞ്ഞെടുത്തതായി അറിയിച്ചു. പുതിയ ഭാരവാഹികൾ ഗുരുദേവ ദർശനവും സേവനപ്രവർത്തനങ്ങളും കൂടുതൽ കുടുംബങ്ങളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

സേവനം യു.കെ. സെൻട്രൽ കമ്മിറ്റിയിലേക്ക് നോർവിച്ച് യൂണിറ്റിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ അശ്വിൻ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു. ശ്രീ പ്രമോദ് കുമരകം കുമാരനാശാൻ രചിച്ച ‘ഗുരുസ്തവം’ ആസ്പദമാക്കി ഹൃദയസ്പർശിയായ ലഘുപ്രഭാഷണം നടത്തി. സേവനം യു.കെ. ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ വിശാൽ സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സേവനം യു.കെ. വൈസ് ചെയർമാൻ ശ്രീ സജീഷ് ദാമോദരൻ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ സി.കെ. ശ്രീജിത്ത് അവതരിപ്പിച്ചു. വാർഷിക കണക്കുകൾ ട്രഷറർ ശ്രീ സുജിത് സുരേന്ദ്രൻ അവതരിപ്പിച്ചു. ശ്രീജിത്ത് സി.കെ. സ്വാഗതവും ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

ഒക്ടോബർ 11-ന് കോവൻട്രിയിൽ നടക്കുന്ന ത്രയംബകം ഭജൻസ് പരിപാടിയുടെ നോർവിച്ച് യൂണിറ്റിലെ ആദ്യ ടിക്കറ്റ് ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ വിശാൽ സുരേന്ദ്രന് ചടങ്ങിൽ കൈമാറി. ടിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ശ്രീജിത്ത് സി.കെ. (07789 194985), ശ്രീജു പുരുഷോത്തമൻ (07459 143089) എന്നിവരുമായി ബന്ധപ്പെടാം.

തുടർന്ന് യൂണിറ്റംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്തപരിപാടികൾ, ഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ വാർഷികാഘോഷത്തിന് കൂടുതൽ ഭക്തിനിർഭരമായ അന്തരീക്ഷം പകർന്നു.