ടെന്നിസില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കളിക്കളത്തോട് വിടപറഞ്ഞു. നിറകണ്ണുകളോടെയാണ് താരം കളിക്കളത്തോട് വിടപറഞ്ഞത്. ലേവര്‍ കപ്പില്‍ തന്റെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേല്‍ നദാലിനൊപ്പമാണ് താരം അവസാന മത്സരത്തിനിറങ്ങിയത്. അമേരിക്കന്‍ ജോഡിയായ ജാക്ക് സ്റ്റോക്കിനും ഫ്രാന്‍സെസ് തിയാഫോയ്ക്കുമെതിരെ ഡബ്ള്‍സ് പോരാട്ടത്തിനിറങ്ങിയ നദാല്‍-ഫെഡറര്‍ സഖ്യം തോല്‍ക്കുകയായിരുന്നു.

അദ്ദേഹത്തിന്റ വാക്കുകള്‍-

‘ഇന്ന് ഒരു മനോഹര ദിവസമാണ്, എനിക്ക് സങ്കടമില്ല. ഇവിടെയായിരിക്കുന്നത് വളരെ മികച്ചതാണ്, എല്ലാം അവസാനമായി ഒരിക്കല്‍കൂടി ചെയ്തത് ഞാന്‍ വളരെയധികം ആസ്വദിച്ചു. നല്ല രസമുണ്ടായിരുന്നു, എല്ലാ മത്സരങ്ങളും, ആരാധകര്‍, കുടുംബം, സുഹൃത്തുക്കള്‍, എനിക്കധികം സമ്മര്‍ദ്ദം തോന്നിയിട്ടില്ല. മത്സരത്തിനിറങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എനിക്ക് ഇതിനേക്കാള്‍ വലിയ ഒരു സന്തോഷമില്ല’.

ഇരുപത്തിനാല് വര്‍ഷം നീണ്ട കരിയറില്‍ ജീവിതത്തില്‍ 1526 മത്സരങ്ങള്‍ക്ക് ഫെഡറര്‍ റാക്കറ്റേന്തി. 20 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് നേട്ടം കൈവരിച്ചത്, ഇതില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. അതിനുശേഷം തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും താരം കൈവരിച്ചു. 2018ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് ഫെഡററിന്റെ അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.