ബിവ്‌റേജ് ഔട്ട്‌ലെറ്റിന് മുന്‍പിലെത്തി കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തില്‍ ഇരുന്നപ്പോള്‍ ആദ്യം ആളുകള്‍ അമ്പരന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അത് വ്യത്യസ്തമായൊരു പ്രതിഷേധമാണെന്് അറിഞ്ഞത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പില്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്.

ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവര്‍ത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ട് എത്തിയത്. ബീവറേജില്‍ ആയിരങ്ങള്‍ക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേര്‍ക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിലാണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം.

കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്‌സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആര്‍. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീര്‍, നാസര്‍ ബിസ്മി, മജീദ് എന്നിവര്‍ പ്രസംഗിച്ചു.