യുഎസ്സില്‍ ആറ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നു, അരിസോണ, നെവാഡ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജ്ജിയ, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. ഇതില്‍ അരിസോണയിലും നെവാഡയിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡന്‍ ലീഡ് തുടരുന്നു. അതേസമയം പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും ജോര്‍ജ്ജിയയിലും അലാസ്‌കയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മുന്നില്‍. എന്നാല്‍ ജോര്‍ജ്ജിയയില്‍ ബൈഡന്‍ ജയത്തിനരികെയുണ്ട്. – ട്രംപിന് 0.5 ശതമാനം വോട്ടിന്‌റെ ലീഡ് മാത്രമേയുള്ളൂ. 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 49.6 ശതമാനവും ബൈഡന് 49.1 ശതമാനവും വോട്ടാണ് കിട്ടിയത്. 16 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ജോര്‍ജ്ജിയയിലുള്ളത്.

പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും നേരിയ വോട്ട് വ്യത്യാസം മാത്രമേയുള്ളൂ. 20 ഇലക്ടറല്‍ കോളേജ് വോട്ടുള്ള പെന്‍സില്‍വേനിയയില്‍ 89 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപ് ലീഡ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ലീഡ് വളരെ കുറഞ്ഞിട്ടുണ്ട്. വെറും 0.5 ശതമാനം വോട്ടിന്‌റെ നേരിയ ലീഡ് മാത്രമാണ് ജോര്‍ജ്ജിയയില്‍ നിലവില്‍ ട്രംപിനുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നെവാഡയിലും അരിസോണയിലും വലിയ വോട്ട് വ്യത്യാസം ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലില്ല. നെവാഡയിൽ 6 ഇലക്ടറൽ കോളേജ് വോട്ടാണുള്ളത്. 86 ശതമാനം വോട്ടെണ്ണി. ബൈഡൻ 49.3 ശതമാനം, ട്രംപ് 48.7 ശതമാനം എന്നതാണ് ഇപ്പോളത്തെ നില. 11 ഇലക്ടറൽ കോളേജ് വോട്ടുള്ള അരിസോണയില്‍ ബൈഡന്റെ ലീഡില്‍ 60,000ത്തിലധികം കുറവ് വന്നിട്ടുണ്ട്. 86 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞ അരിസോണയില്‍ ട്രംപിന് 50.5 ശതമാനം വോട്ടും ബൈഡന് 48.1 ശതമാനം വോട്ടുമാണ് കിട്ടിയത്.

നോര്‍ത്ത് കരോലിനയില്‍ 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 50.1 ശതമാനവും ബൈഡന് 48.7 ശതമാനം വോട്ടുമാണ് കിട്ടിയത്. 15 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഇവിടെയുള്ളത്. അലാസ്‌കയില്‍ വ്യക്തമായ മേധാവിത്തമുള്ള ലീഡോടെ ട്രംപ് ഏതാണ്ട് ജയസൂചനകള്‍ നല്‍കിക്കഴിഞ്ഞു. അതേസമയം ഇവിടെ 56 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ട്രംപിന് 62.9 ശതമാനം വോട്ടും ബൈഡന് 33 ശതമാനം വോട്ടുമാണ് ഇവിടെ കിട്ടിയത്. ആകെ ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ബൈഡന്‍ 253 വോട്ടും ട്രംപ് 214 വോട്ടും നേടിയതായി ദ ന്യൂയോര്‍ക്ക് ടൈംസും എബിസി ന്യൂസും അടക്കമുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ 264, ട്രംപ് 214 എന്നാണ് ഫോക്‌സ് ന്യൂസിന്‌റെ കണക്ക്.