ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണമോ മറ്റ് തരത്തിലുള്ള കാര്യങ്ങൾക്കോ വഴങ്ങിയില്ലെങ്കിൽ ഒരാളുടെ ചിത്രങ്ങളോ വീഡിയോകളോ പരസ്യപ്പെടുത്തുമെന്ന് ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ പുതിയ രൂപമാണ് സെക്സ്റ്റോർഷൻ. കടുത്ത ശിക്ഷാർഹമായ ഗുരുതരമായ ഓൺലൈൻ പീഡനമായാണ് സെക്സ്റ്റോർഷൻ കണക്കാക്കപ്പെടുന്നത്. ഇരയാകുന്നവരിൽ കടുത്ത വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ സെക്സ്റ്റോർഷൻ സൃഷ്ടിക്കുകയും ചെയ്യും. വ്യാപകമായ രീതിയിൽ യുകെയിലെ കുട്ടികളെ ലക്ഷ്യംവെച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

ബ്രിട്ടനിൽ ഉടനീളം ഉള്ള 570,000 സ്കൂൾ അധ്യാപകർക്കാണ് സെക്സ്റ്റോർഷൻ സെക്ഷനെ കുറിച്ച് നാഷണൽ ക്രൈം ഏജൻസി ( എൻ സി എ ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് എൻസിഎ സ്കൂളുകൾക്ക് ഇത്ര വിപുലമായി ജാഗ്രതാ നിർദേശം നൽകുന്നത്. 5 വയസ്സ് പ്രായമുള്ള കുട്ടികളെ വരെ ഇത്തരം സംഘങ്ങൾ ലക്‌ഷ്യം വയ്ക്കുന്നുണ്ടന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. സെക്സ്റ്റോർഷനിലൂടെ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനുള്ളിൽ 260 ശതമാനം വർദ്ധനവ് ഉണ്ടായതായുള്ള ഞെട്ടിക്കുന്ന കണക്കുകളും നാഷണൽ ക്രൈം ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. 2020-ൽ ഇരയായത് 243 പേരാണെങ്കിൽ 2022 ആയപ്പോൾ അത് 890 ആയി ഉയർന്നു .

പശ്ചിമാഫ്രിക്കയിൽ നിന്നും തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള ക്രിമിനൽ സംഘങ്ങൾ ആണ് പ്രധാനമായും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർ കുട്ടികളുമായി ഓൺലൈനിൽ സൗഹൃദത്തിൽ ആകുകയും അവരുടെ പ്രായത്തിലുള്ള ഒരാളുമായി യഥാർത്ഥ ബന്ധത്തിലോ സൗഹൃദത്തിലോ ആണെന്ന് വിശ്വസിപ്പിച്ച് അവരെ കബളിപ്പിച്ച് ഫോട്ടോഗ്രാഫുകൾ പങ്കിടുകയോ വെബ്‌ക്യാമിൽ കൂടി നഗ്‌ന വീഡിയോകൾ ചിത്രീകരിക്കുകയോ ചെയ്യും. പണം നൽകിയില്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും യഥാർത്ഥമോ വ്യാജമോ ആയ നഗ്നമോ അർദ്ധനഗ്നമോ ആയ ഫോട്ടോകൾ നൽകുമെന്ന് കുറ്റവാളികൾ ഭീഷണിപ്പെടുത്തും. ഇതിൻ്റെ ഫലമായി കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും രാജ്യത്ത് ആത്മഹത്യ ചെയ്തതായി എൻസിഎ അറിയിച്ചു.