ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ ഇന്നലെ മുതൽ അനുവദിച്ച ലോക്ഡൗൺ ഇളവുകളുടെ സന്തോഷത്തിലായിരുന്നു രാജ്യമെങ്ങും ജനങ്ങൾ. പുതിയ ഇളവുകൾ അനുസരിച്ച് ചൂടുള്ള കാലാവസ്ഥയിൽ ബീച്ചിലേയ്ക്ക് പോകാൻ ജനങ്ങൾക്ക് അനുവാദമുണ്ട്. ഈ വാരാന്ത്യത്തിൽ ബീച്ചിലേയ്ക്ക് ആയിരങ്ങൾ ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം തന്നെ 6 ആളുകളുടെ ഗ്രൂപ്പുകൾക്ക് ഒത്തുചേരലുകൾക്കും അനുവാദമുണ്ട്. ഈസ്റ്റർ ദിനത്തിൽ കൂടുതൽ യാത്രചെയ്യാനും തങ്ങളുടെ ഉറ്റവരും പ്രിയപ്പെട്ടവരുമായി പുനഃസമാഗമത്തിനായും ഈ ഇളവുകൾ ജനങ്ങൾക്ക് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ അനുവദിക്കപ്പെട്ട ഇളവുകൾ ആസ്വദിക്കുമ്പോഴും ജാഗ്രത കൈവിടാൻ പാടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം കോവിഡ് -19 കേസുകൾ കുതിച്ചുയരുന്നത് നമ്മൾക്ക് പാഠമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്ന വാക്സിൻ വഴിയായി ആർജ്ജിച്ച പ്രതിരോധ ശേഷിയെ കവച്ചുവയ്ക്കാൻ കെൽപ്പുള്ള ജനിതക മാറ്റം വന്ന കോവിഡ് വൈറസുകൾക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകുന്നതിൽ രാജ്യത്തിൻറെ മുന്നേറ്റം തുടരുകയാണ്. ഔദ്യോഗിക കണക്കുപ്രകാരം 30 ദശലക്ഷത്തിലധികം ജനങ്ങൾക്ക് പ്രതിരോധ വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതായത് മുതിർന്ന പൗരന്മാരിൽ 57 ശതമാനം പേർക്കും യുകെയിൽ വാക്‌സിൻ നൽകാൻ സാധിച്ചത് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ 15 -നുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ രാജ്യം ലക്ഷ്യമിടുന്നത്. യുകെയിൽ രോഗവ്യാപനവും മരണനിരക്കും മുമ്പത്തേക്കാൾ കുറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 23 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 4,654 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.