ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി . ശനിയാഴ്ച ഒരുമണിക്ക് രജിസ്ട്രേഷൻ പൂർണമാകുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് ആരംഭിക്കുന്നത് 2 മണിക്കാണ്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിയുന്നത്.ഡാൻസ് ഫെസ്റ്റിനെ തുടർന്ന് അവാർഡ് നൈറ്റിൻെറ തിരശീല ഉയരും .

ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ സംപ്രേഷണം രണ്ട് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ എട്ടിന് കൃത്യം രണ്ട് മണിക്ക് തന്നെ ബോളിവുഡ് ഡാൻസ് മത്സരങ്ങൾ ആരംഭിക്കുമെന്നതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ടീമംഗങ്ങളും ഒരു മണിക്ക് തന്നെ റിസപ്ഷൻ കമ്മറ്റിയുടെ അടുത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. യോർക്ക് ഷെയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ ഐഷ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങളാണ്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.