കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു സംഘത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘം എത്തിയത് മൂന്ന് കാറുകളിലെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന ചെര്‍പ്പുളശേരി സ്വദേശികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വിദേശത്തു നിന്നും മലപ്പുറം സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഒരു കോടിയോളം വിലമതിക്കുന്ന സ്വര്‍ണം വാങ്ങാനാണ് മൂന്ന് വാഹനങ്ങളില്‍ കൊടുവള്ളി സംഘം എത്തിയത്. ഇതില്‍ ഒന്ന് മഹാരാഷ്ട്രാ രജിസ്്ട്രേഷനിലുള്ളതാണ്. വിമാനത്താവളത്തില്‍ സ്വര്‍ണവുമായി കസ്റ്റംസ് പിടിയിലാകുമ്പോള്‍ മലപ്പുറം സ്വദേശി കണ്ണൂര്‍ സ്വദേശിയെയാണ് ആദ്യം വിളിച്ചത്.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ഇയാള്‍ കൊടുവള്ളിയിലുള്ള സംഘത്തിലുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവളളി സംഘം വിമാനത്താവളത്തില്‍ സ്വര്‍ണം വാങ്ങാനെത്തുന്നു എന്ന വിവരം ചെര്‍പ്പുളശേരിയില്‍ നിന്നു വന്ന പതിനഞ്ചംഗ സംഘത്തിന് നല്‍കിയ ആളെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അപടകടത്തില്‍പ്പെട്ട വാഹനത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളിലെ എട്ടുപേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. സംഘം ചേര്‍ന്നുള്ള കവര്‍ച്ചാശ്രമം എന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കൊണ്ടോട്ടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ദുരൂഹതയുള്ളതില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇവരുടെ കൂട്ടത്തിലുള്ള രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്. അപകടത്തില്‍ ഉള്‍പ്പെട്ട ലോറി ഡ്രൈവറെ സ്വന്തം സ്വന്തം ജാമ്യത്തില്‍ വിട്ടു.