മൊഗാദിഷു: സൊമാലിയ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 73 മരണം. 50ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഏറെയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രണ്ട് തുര്‍ക്കി പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

നികുതി പിരിക്കുന്ന ചെക്ക് പോയിന്റിലാണ് സ്‌ഫോടനം നടന്നത്. ഭീകര സംഘടനകളൊന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് ഭീകര സംഘടന മുമ്പ് ഇത്തരം സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. അല്‍ ഷബാബ് ഭീകരരെ മൊഗദിഷുവില്‍നിന്ന് പൂര്‍ണമായും പുറത്താക്കിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഭീകരരുടെ സാന്നിധ്യം ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

2017 ഒക്ടോബറില്‍ മൊഗദിഷുവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ഷബാബാണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല.