ദുബായ്: എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം. കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനും യു.എ.ഇയുടെ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

ട്രാന്‍സ്ഫര്‍ അടക്കമുള്ള ഇടപാടുകള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

ബി.ആര്‍ ഷെട്ടി ഇടപെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ ഇതിന്മേലും ഇത്തരം നടപടികള്‍ ബാധകമായിരിക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യയിലുള്ള ബി.ആര്‍ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.