മലയാള സിനിമയുടെ തറവാടായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ ഇനി ഓര്‍മകളിലേക്ക്. ഉദയയുടെ മണ്ണില്‍ ഇനി ഹോട്ടലോ കല്യണ മണ്ഡപമോ ഉയരും. വിദേശ മലയാളിക്ക് വിറ്റതോടെയാണ് സ്റ്റുഡിയോ പൊളിക്കാൻ തീരുമാനമായത്. ആലപ്പുഴയില്‍ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ട സ്മാരകമാണ് ഇതോടെ ഇല്ലാതാവുന്നത്.
ഉദയ സ്റ്റുഡിയോയില്‍നിന്ന് വെള്ളിത്തിരയിലേക്ക് ആദ്യം ഇറങ്ങിയത് വെള്ളിനക്ഷത്രമായിരുന്നു. പടം കുഞ്ചാക്കോയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തി. പക്ഷേ നിരാശപ്പെട്ട് പിന്‍മാറിയില്ല. പിന്നീട് വന്ന നല്ലതങ്കയും ജീവിതനൗകയുമെല്ലാം ഹിറ്റായി. അങ്ങിനെ മലയാള സിനിമയാകുന്ന ഭൂഗോളത്തിന് മുകളില്‍ ഉദയായുടെ പൂവന്‍ കോഴി ഉച്ചത്തില്‍ കൂവി.

ഷീലയും നസീറുമെല്ലാം പാടിനടന്ന താമരക്കുളം, രാഗിണി കോട്ടേജ്, നർത്തകിയുടെ പ്രതിമ… ഈ കാഴ്ചകള്‍ ഇനി കുറച്ചുനാളെ ഉണ്ടാവു. സ്റ്റുഡിയോയ്ക്ക് മുന്നിലെ കന്യാമറിയത്തിന്റെ രൂപം ആദ്യംതന്നെ എടുത്തുമാറ്റി. കുഞ്ചാക്കോ കുടുംബം വിറ്റതിന് ശേഷവും ഇവിടെ സിനിമകളും സീരിയലുകളും ചിത്രീകരിച്ചിരുന്നു. സ്റ്റുഡിയോ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പൊളിക്കുന്നതെന്ന് പുതിയ ഉടമ പറയുന്നു. പക്ഷേ പലര്‍ക്കും അതൊരു വേദനയാണ്.

തുടർന്ന് സ്റ്റുഡിയോയിൽ മാറ്റമൊന്നും വരുത്താതെ അതേനിലയിൽ തുടരുകയായിരുന്നു.ജോസഫിന്റെ മക്കളാണ് ഇപ്പോൾ അമ്പലപ്പുഴക്കാരനായ വിദേശമലയാളിക്ക് സ്ഥലം വിറ്റത്. സ്റ്റുഡിയാേ ഫ്ളോർ, പ്രേംനസീർ, രാഗിണി, ഷീല എന്നിവർ താമസിച്ചിരുന്ന കോട്ടേജുകൾ, കുളം,വീടുകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. കുഞ്ചാക്കോ ഫാമിലി വിറ്റ ഉദയ സ്റ്റുഡിയോ വീണ്ടെടുക്കുമെന്ന് ഇളമുറക്കാരനായ നടൻ കുഞ്ചാേക്കോ ബോബൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.ഉദയ സ്റ്റുഡിയോയുടെ ബാനറിന്റെയും എംബ്ളമായ പൂവൻകോഴിയുടെയും അവകാശം നടൻ കുഞ്ചാക്കോ ബോബൻെറ കൈവശമാണ്. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റുഡിയോ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര രംഗത്തുള്ളവരും ആവശ്യപ്പെട്ടിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള പ്രാഥമികശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. ആലപ്പുഴയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രി തോമസ് എെസക് രൂപം കൊടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ചലച്ചിത്ര രംഗത്തുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് മുമ്പ് സ്ഥലത്തിന്റെ വില്പന നടന്നു.ഉദയ സ്റ്റുഡിയോ മദ്രാസിൽ നിന്ന് മലയാള സിനിമയെ പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയിലേക്ക് പറിച്ച് നട്ടതിന് പിന്നിൽ കുഞ്ചാക്കോയുടെ ദീർഘവീക്ഷണമായിരുന്നു. കയർ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946 ലാണ് സിനിമയിലേക്ക് കടന്നുവന്നത്. ഉദയ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽ ഒരു സിനിമ മുഴുവൻ ചിത്രീകരിക്കാനായപ്പോൾ ചെലവ് കുത്തനെ കുറയ്ക്കാനായി.

കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ്,   നിർമ്മാവും സംവിധായകനുമായ കുഞ്ചാക്കോയും (1912 – 1976), ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു. വെള്ളിനക്ഷത്രം” (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം.

1940-കൾ വരെ മലയാളത്തിൽ ചലച്ചിത്രം നിർമ്മിക്കുവാൻ മദിരാശി പട്ടണം അനിവാര്യമായിരുന്നു. സിനിമ നിർമ്മിക്കാൻ മദിരാശിയിലേക്ക് പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് കുഞ്ചാക്കോയേയും സുഹൃത്തായ വിൻസന്റിനെയും കൊണ്ട് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിയ്ക്കാനുള്ള ആലോചനയിൽ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.

ഏഴുപതിറ്റാണ്ടിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ അസ്തമിക്കുന്നത്. ഇനിയൊരു ഉദയമില്ലാതെ.