ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ തടയാനുള്ള ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി ഒക്ടോബർ വരെ നീട്ടാൻ ബ്രിട്ടനും ഫ്രാൻസും തീരുമാനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കഴിഞ്ഞ ജൂലൈയിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ചെറിയ ബോട്ടിൽ ബ്രിട്ടനിലെത്തുന്ന ഒരാളെ ഫ്രാൻസിലേക്ക് തിരിച്ചയക്കുകയും, പകരം ഫ്രാൻസിലുള്ള മറ്റൊരു അഭയാർഥിയെ നിയമപരമായി ബ്രിട്ടനിലെത്തിക്കുകയുമാണ് പദ്ധതിയുടെ അടിസ്ഥാനരീതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റവും മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവർത്തനവും കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ കരാർ നിലവിൽ വന്നശേഷവും ആയിരക്കണക്കിന് അഭയാർഥികൾ ചെറിയ ബോട്ടുകളിൽ യാത്ര തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുവരെ 605 പേരെ ഫ്രാൻസിലേക്ക് തിരിച്ചയച്ചപ്പോൾ 581 പേരെ പദ്ധതിപ്രകാരം ബ്രിട്ടനിലെത്തിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഈ വർഷം ചാനൽ കടന്നെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറഞ്ഞതായും അധികൃതർ പറയുന്നു.

പദ്ധതി നീട്ടിയതിൽ അഭയാർഥികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബ്രിട്ടനിൽ നിന്ന് ഫ്രാൻസിലേക്ക് തിരിച്ചയക്കപ്പെട്ട ഒരാൾ, “ഇതിലൂടെ അഭയാർഥികളുടെ യാത്ര അവസാനിക്കില്ലെന്ന് പ്രതികരിച്ചു. ഫ്രാൻസിലേക്ക് മടക്കിയവരിൽ പലരെയും പിന്നീട് കാണാതായതായും മറ്റൊരു അഭയാർഥി ആരോപിച്ചു. അതേസമയം, അനധികൃത കുടിയേറ്റം തടയാനും രാജ്യത്ത് തുടരാൻ അവകാശമില്ലാത്തവരെ തിരിച്ചയക്കാനുമുള്ള വിപുലമായ നടപടികളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.