ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് അഭയം കൊടുക്കുന്ന പദ്ധതി ബ്രിട്ടൻ നടപ്പിലാക്കി . ഇതിനായി വിസാ നിയമങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നു. ഇതുവരെ 50 ഉക്രേനിയൻ അഭയാർത്ഥികൾക്കാണ് ബ്രിട്ടൻ വിസാ അനുവദിച്ചത്. യുകെയിൽ കുടുംബബന്ധമുള്ള അഭയാർഥികൾക്കാണ് വിസാ നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത് . വിസാ നിയമങ്ങളിൽ ഇളവ് വരുത്തി 48 മണിക്കൂറുകൾ അപേക്ഷിച്ച 5535 പേരിൽ നിന്നാണ് 50 പേർക്ക് രാജ്യം അഭയം നൽകിയത്. ഇത് മൊത്തം അപേക്ഷയുടെ ഒരു ശതമാനം മാത്രമാണ്.

അർഹരായ അഭയാർഥികൾക്ക് യാത്രാനുമതി നൽകുന്നത് വേഗത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. യുകെയിലെ ഉക്രേനിയൻ അംബാസഡർ യുകെയുടെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും പരമാവധി ആളുകൾക്ക് അഭയം നൽകണമെന്ന് അഭ്യർത്ഥിച്ചു.

ഇതിനിടെ യുകെയുടെ ഉക്രേനിയൻ അഭയാർഥികളോടുള്ള സമീപനം ഉദാരമല്ലന്ന വിമർശനം ശക്തമാണ്. വിസയില്ലാത്തതിൻെറ പേരിൽ 150 അഭയാർഥികളെ കലൈസിൽ തിരിച്ചയച്ചിരുന്നു. മനുഷ്യത്വമില്ലായ്മ എന്നാണ് യുകെയുടെ ഈ നടപടിയെ ഫ്രാൻസ് വിശേഷിപ്പിച്ചത്.