ന്യൂസ് ഡെസ്ക് മലയാളം യുകെ

നിങ്ങൾ വളരെ നാളായി യുകെയിൽ ഒരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്നവരാണോ? എങ്കിൽ ആ സ്വപ്നം പൂവണിയാൻ ഏറ്റവും നല്ല സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത്. യുകെയിലെ വീടുകളുടെ വില ജൂലൈയിൽ വീണ്ടും കുറഞ്ഞു. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഈ വർഷം കാണാൻ സാധിക്കുന്നത്. വീടുകളുടെ വില 3.8% കുറഞ്ഞതായി ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ജൂലൈ 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിലവിൽ മോർട്ട്ഗേജ് പലിശനിരക്ക് വീടുവാങ്ങുന്നവർക്ക് ഒരു വെല്ലുവിളിയാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ച നിരക്കുകളിന്മേലുള്ള അനിശ്ചിതത്വവും മൂലം ജൂലൈയിലെ മോർട്ട്ഗേജ് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

നിലവിൽ യുകെയിലെ ഒരു വീടിന്റെ ശരാശരി വില £260,828 ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ £13,000 കുറവാണ് വരുന്നത്. പാൻഡെമിക് സമയത്ത് ഉൾപ്പെടെ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന വീടുകളുടെ വിലയിലെ ഇടിവിന് ജനങ്ങളിൽ വൻ സ്വീകാര്യതയായിരിക്കും ലഭിക്കുക എന്നാണ് വിദഗ്ധഭിപ്രായം.

ജീവിത ചിലവുകൾ ഉയർന്ന സഹചര്യത്തിൽ സമീപ മാസങ്ങളിൽ ഭവന വിപണി നന്നേ ഇടിഞ്ഞിരുന്നു. ജൂണിൽ 86,000 ഭവന ഇടപാടുകളാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം 100,000 കൂടുതൽ ഇടപാടാണ് നടന്നത്. ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചതിനെത്തുടർന്ന് മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വീണ്ടും പലിശ നിരക്ക് 5% ൽ നിന്ന് 5.25% ആയി ഉയർത്തുമെന്നാണ് വിലയിരുത്തൽ. 2021 ഡിസംബറിന് ശേഷം ഈ വർദ്ധനവ് പതിനാലാം തവണയാണ്.