യു.കെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിക്ക് പുതിയ നേതൃനിര. ഏപ്രില്‍ ഇരുപത്തേഴു ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ നടന്ന ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്കുള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

മിഡ് ഡോര്‍സെറ്റ് ആന്‍ഡ് നോര്‍ത്ത് പൂള്‍ മണ്ഡലത്തില്‍ നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം മൈക്കിള്‍ ടോംലിന്‍സണ്‍ ഉദ്ഘാടനം നിര്‍വഹിച്ച പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷു ഈസ്റ്റര്‍ സ്‌കിറ്റിന്റെയും വിഷുക്കണി ദര്‍ശനത്തോടെയും ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറും മലയാളിയുമായ ബൈജു വര്‍ക്കി തിട്ടാല ഡി.കെ.സി കുടുംബാംഗങ്ങളോടൊപ്പം ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ജോയിന്റ് സെക്രട്ടറി പദം മുമ്പ് അലങ്കരിച്ചു തന്റെ കഴിവുകള്‍ തെളിയിച്ച സോണി കുര്യനാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജെറി മാത്യു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വില്‍സണ്‍ ജോണ്‍ ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി സ്റ്റിജി സിജോയും ജോയിന്റ് സെക്രട്ടറി ആയി ബിബിന്‍ വേണുനാഥും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഷാജി തോമസ്, മില്‍ട്ടണ്‍ ജേക്കബ്, രാകേഷ് നെച്ചുള്ളി, അജീഷ് ഉലഹന്നാന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. മനോജ് പിള്ളയും ജോമോന്‍ തോമസും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും നിലവില്‍ വന്ന പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.