ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ‘ഉദയം’ ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിലെ നയനമനോഹരമായ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് 30ല്‍പ്പരം സ്ത്രീകളും ആണ്‍കുട്ടികളും അണിനിരന്ന ഫ്‌ളാഷ് മോബോടു കൂടി ആരംഭിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും മുഖ്യാതിഥിയായ ഡോ. അനൂജ് ജോഷ്വായും സംയുക്തമായി മൂന്ന് നക്ഷത്ര വിളക്കുകള്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശേഷം ബ്രിട്ടീഷ് സിവില്‍ സര്‍വീസിലേക്ക് ആദ്യമായി കടന്നുവന്ന മലയാളിയും, Her Majesty’s Goverment’s ല്‍ സീനിയര്‍ ഇക്കണോമിക് അഡ്വേസറും, ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസിന്റെ തലവനും, പ്രശസ്ത വാഗ്മീയുമായ ഡോ. അനൂജ് ജോഷ്വാ മാത്യു ക്രിസ്തുമസ് ദൂത് നല്‍കി. ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസിതുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച കൈകോര്‍ക്കുമ്പോളാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണതയിലെത്തുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സംഘടിപ്പിച്ച പു്ല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീനഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങള്‍ക്കും ഉദയവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സോനു സിറിയക് നന്ദി അറിയിച്ചു. ജോയിന്റ് സെക്രട്ടറി സിജോ ജെയിംസ്, വൈസ് പ്രസിഡന്റ് ജോളി മോളി, ട്രഷറര്‍ ജെറി ജോസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഷാബു വര്‍ഗീസ് യോഗം നിയന്ത്രിച്ചു.

പ്രശസ്ത നര്‍ത്തകി ജെസിന്താ ജോയ്‌യുടെ മേല്‍നോട്ടത്തില്‍ പെണ്‍ക്കുട്ടികള്‍ അവതരിപ്പിച്ച അതീവഹൃദ്യവും, നയനമനോഹരവുമായ സ്വാഗത നൃത്തതോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. 65ല്‍ പ്പരം കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘ലോകരക്ഷിതാവിന്റെ ഉദയം’ എന്ന നൃത്ത സംഗീത ശില്‍പ്പവും കൊച്ചു കുട്ടികളും ക്രിസ്തുമസ് പാപ്പയും ചേര്‍ന്ന് അവതരിപ്പിച്ച പാപ്പാ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി നീല ചിറകുകള്‍ ഏന്തിയ മാലഖമാരുടെ എയ്ഞ്ചല്‍ ഡാന്‍സും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്, എന്നിവയാല്‍ ഉദയം കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക്ക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു കുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സും വനിതകളുടെ സിനിമാറ്റിക് ഡാന്‍സും ജിന്റെില്‍ ബേബിയുടെ ഡി.ജെയും സദസിനെ ഇളക്കി മറിച്ചു.

ഉദയം വന്‍വിജയമാക്കി തീര്‍ക്കുവാന്‍ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും, സ്റ്റേജിയും ഹാളിന്റെ പുറത്തും വെളിച്ചത്താല്‍ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച Baby RAC ക്കും പ്രോഗ്രാം കമ്മറ്റിക്കും കമ്മറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം സാംചീരന്‍, ജോജി കോട്ടക്കല്‍, സോജാ മധു, സുബിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിനും കാതിനും കരളിനും മനസിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് ഉദയം എന്ന് അഭിപ്രായപ്പെട്ടു.