റ്റിജി തോമസ്
കുറച്ച് നാളത്തേയ്ക്ക് എൻറെ ഉറക്കം കെടുത്താൻ പര്യാപ്തമായിരുന്നു നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം. ബ്രിട്ടന്റെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിലെ കരിപിടിച്ച ജീവിതങ്ങളും ദുരവസ്ഥകളും ഏറെ നാൾ നമ്മുടെ മനസ്സിൽ തളംകെട്ടി നിൽക്കും. കൽക്കരി ഖനനത്തിനായി ഇരുണ്ട തുരങ്കങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പിഞ്ചു കുട്ടികളുൾപ്പെടെയുള്ളവരുടെ ദീനരോദനം നമ്മുടെ സ്വപ്നങ്ങളിൽ പോലും കുറെ നാളത്തേയ്ക്ക് കണ്ണീരണിയിക്കും. ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.
യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിലാണ് നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്. ജോജിയുടെ വീട്ടിൽ നിന്ന് കാറിൽ 20 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരം മാത്രം. രണ്ടു ദിവസമായിട്ടാണ് ഞങ്ങളുടെ മ്യൂസിയം സന്ദർശനം പൂർത്തിയായത്.
ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ച കൽക്കരി ഖനനത്തിൻ്റെ തോളിലേറിയായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടന്റെ വ്യവസായിക പൈതൃകത്തിന്റെ ശ്രദ്ധേയമായ സാക്ഷ്യമാണ് മൈനിങ് മ്യൂസിയം. ആദ്യകാലത്ത് കൽക്കരി ഖനന തൊഴിലാളികളുടെ കരിപിടിച്ച ജീവിതത്തെ അനാവരണം ചെയ്യുന്ന ഒട്ടേറെ കാഴ്ചകൾ മ്യൂസിയം നമ്മൾക്ക് സമ്മാനിക്കും. കൽക്കരി ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങി ആധുനികവൽക്കരണത്തിന്റെ വരെയുള്ള ചരിത്രം സന്ദർശകർക്ക് അനാവരണം ചെയ്യുന്നതിൽ മ്യൂസിയം വിജയിച്ചു എന്ന് തന്നെ പറയാം.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇംഗ്ലണ്ടിലെ കൽക്കരി ഉപയോഗത്തിനും ഖനനത്തിനും. രാജ്യത്തിൻറെ വികസനം രൂപപ്പെടുത്തുന്നതിനും വ്യവസായിക വിപ്ലവത്തിന് ആക്കം കൂട്ടുന്നതിനും കൽക്കരി ഖനനത്തിന് നിർണായക പങ്കുണ്ട്.
കൽക്കരി വ്യവസായം ഇംഗ്ലണ്ടിൽ വേരുപിടിച്ച് വളർന്നതിൽ അത്ഭുതമില്ല. സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചത് ഇംഗ്ലീഷ് എൻജിനീയറായ തോമസ് സേവേരി ആണ് . തുടർന്ന് പരിഷ്കരിച്ച സ്റ്റീം എൻജിൻ വികസിപ്പിച്ച തോമസ് ന്യൂകോമനും ഇംഗ്ലീഷുകാരനായിരുന്നു. 1764 -ൽ സ്റ്റീം എൻജിൻ ഇന്നത്തെ രൂപത്തിൽ വികസിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച പ്രശസ്ത ശാസ്ത്രജ്ഞനായ ജെയിംസ് വാട്ട് സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ആ നേട്ടം സ്വന്തമാക്കിയത്.
ഇവയൊക്കെ ഇംഗ്ലണ്ടിൻ്റെ വ്യവസായ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും വളരെയേറെ സഹായിച്ചിട്ടുണ്ട്.
( തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
Excellent narration and attractive. This shows you have talent in journalism. Congratulations!