വിദ്യാര്‍ത്ഥികളെ വീട്ടുജോലിക്കും, സ്വന്തം പണികള്‍ക്കും നിയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് മിസോറി-കാന്‍സാസ് സിറ്റി യൂണിവേഴ്‌സിറ്റി ഫാര്‍മസി പ്രൊഫസര്‍ അഷിം മിത്രയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വീട്ടിലെ പുല്ല് വെട്ടാനും, വളര്‍ത്തുനായ്ക്കളെ നോക്കാനും, ചെടികള്‍ക്ക് വെള്ളമൊഴിക്കാനും വരെ അഷിം വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പ്രൊഫസര്‍ തള്ളുകയാണ്. തന്റെ ജീവിതം ആധുനിക അടിമത്തമായാണ് അനുഭവപ്പെട്ടതെന്ന് യുകെഎംസിയിലെ മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാമേഷ് കുച്ചിമാഞ്ചി വെളിപ്പെടുത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പ്രധാനമായും ചൂഷണം ചെയ്യുന്നത്. പണിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുന്നതിന് പുറമെ വിസയും റദ്ദാക്കും.

അതേസമയം അഷിം മിത്രയുടെ ഈ ചൂഷണത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്കും അറിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കുമ്പോള്‍ കാര്യമാക്കാതെ തള്ളിയ അധികൃതര്‍ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കി. യൂണിവേഴ്‌സിറ്റിക്ക് ഗവേഷണത്തിന്റെ പേരില്‍ വന്‍തുകകള്‍ വാങ്ങിനല്‍കുന്ന വിജകരമായ അധ്യാപകരില്‍ ഒരാള്‍ കൂടിയാണ് അഷിം. ഇയാളുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ ജീവിതം താറുമാറുമെന്ന് ഭയന്നാണ് പല വിദ്യാര്‍ത്ഥികളും ആവശ്യങ്ങള്‍ അനുസരിച്ച് പണിയെടുത്തിരുന്നത്.

വലിയ സ്വാധീന ശക്തിയുള്ളതിനാല്‍ പരാതി ഒരിക്കലും പുറത്ത് വന്നിരുന്നില്ല. സഹജീവനക്കാരുടെയും അവസ്ഥ ഇതായിരുന്നു. ഇതാണ് അഷിം വീട്ടുജോലിക്കായി ചൂഷണം ചെയ്ത് പോന്നിരുന്നത്.