ബിക്കാനീര്‍: ഡിജിറ്റല്‍ ഇന്ത്യയെന്നാണ് സങ്കല്‍പമെങ്കിലും മൊബൈല്‍ റേഞ്ച് കിട്ടണമെങ്കില്‍ മരത്തില്‍ കയറണം. സാധാരണക്കാര്‍ക്ക് ഇത് നിത്യസംഭവമാണെങ്കിലും കേന്ദ്ര മന്ത്രിക്ക് മറക്കാനാകാത്ത അനുഭവമായി മാറി ഇത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഗ്വാളിനാണ് പണി കിട്ടിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചപ്പോളാണ് ഫോണിന് കവറേജ് കിട്ടുന്നില്ലെന്ന് മനസിലായത്. തന്റെ മണ്ഡലമായ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിലായിരുന്നു സംഭവം.

തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ലെന്ന പരാതിയുമായി ഗ്രാമവാസികള്‍ മന്ത്രിയെ സമീപിച്ചപ്പോളായിരുന്നു സംഭവം. ഉടനെ ലാന്‍ഡ്‌ഫോണില്‍ ഉദ്യോഗസ്ഥരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലം കണക്ഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് സ്വന്തം മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴും നിരാശയായിരുന്നു ഫലം. എപ്പോഴും ഇതാണ് ഗ്രാമത്തിലെ അവസ്ഥയെന്നും മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ റേഞ്ച് കിട്ടുമെന്നും ഗ്രാമവാസികള്‍ അറിയിച്ചു. രാജ്യം ഡിജിറ്റലാക്കാന്‍ മരത്തില്‍ കയറണമെങ്കില്‍ അതിനു മന്ത്രി തയ്യാറായി.

ഒരു ഏണിയുടെ സഹായത്തോടെ മരത്തില്‍ കയറി നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ റേഞ്ച് കിട്ടുകയും ചെയ്തു. ഇതിനിടയില്‍ മന്ത്രി മരത്തില്‍ കയറി ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ എത്തുകയും വൈറലാകുകയും ചെയ്തു. ,രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലും മൊബൈല്‍ റേഞ്ച് കിട്ടുന്നില്ലെന്നതാണ് വാസ്തവം.