കൊൽക്കത്ത: ടെസ്റ്റ് ക്രിക്കറ്റ് ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഐസിസി ആവിഷ്‌ക്കരിച്ച് ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ ഇന്ത്യുടം ഒരുങ്ങുന്നു. നായകൻ വിരാട് കോഹ്ലി കലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് സമ്മതം അറിയിച്ചതോടെയാണ് നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.

പിങ്ക് പന്തിൽ ഒരു പരിശീലനമത്സരം പോലും ഇന്ത്യൻ ടീം കളിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവെച്ച് പകൽ-രാത്രി ടെസ്റ്റിനോട് നേരത്തെ മുഖംതിരിച്ചയാളാണ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ടെസ്റ്റിൽ ആളെത്താതെ ആയതാണ് കോഹ്ലിയെ മാറ്റി ചിന്തിപ്പിച്ചത്.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഗാംഗുലിക്ക് നൽകിയ സ്വീകരണത്തിലാണ് ബിസിസിഐ നയംമാറ്റം പ്രഖ്യാപിച്ചത്. ഏത് പരമ്പരയിലാകും പുതിയ പരീക്ഷണം നടത്തുക എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഗാംഗുലി പറഞ്ഞു. ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനെ കുറിച്ച് ബിസിസിഐ പലതവണ ആലോചിച്ചെങ്കിലും ഇന്ത്യൻ താരങ്ങളുടെ എതിർപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളോട് വിയോജിക്കുന്ന ഇന്ത്യൻ ടീമിനെതിരെ നേരത്തെ തുറന്നടിച്ച ആളാണ് സൗരവ് ഗാംഗുലി. വിൻഡീസ്- ഓസ്‌ട്രേലിയ ടീമുകളുമായി നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങൾ ബിസിസിഐ കഴിഞ്ഞ വർഷം ഉപേക്ഷിച്ചിരുന്നു. പകൽ-രാത്രി മത്സരങ്ങൾ സ്പിന്നർമാരുടെ ആനുകൂല്യം കുറയ്ക്കുമെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.