കേരളത്തിന്റെ തീരാവേദനയാണ് വിസ്മയ. സ്ത്രീധന ജീവനെടുത്ത ഇരയാണ് വിദ്യാര്‍ഥിയായിരുന്ന വിസ്മയ. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്ന് അവസാനം സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നവള്‍.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്
കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. കേസില്‍ അകപ്പെട്ടതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട കിരണ്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്.

കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മ്മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും ചേര്‍ന്ന്. സഹോദര്‍ വിജിത്ത് ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ഒരു വിന്‍ഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്. 2021 ജൂണ്‍ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും വെളിപ്പെടുത്തിയിരുന്നു.