യുക്രെയിനിലെ റഷ്യൻ അധിനിവേശം ചർച്ചകളിൽ നിറയുന്നതിനിടയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നു. പുടിന്‍റെ രൂപവും ഭാവവും ചലനവും വിലയിരുത്തി ചില മാധ്യമങ്ങളാണ് പുടിൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

പുടിന്‍റെ ശരീരഭാഷയും സമീപ ആഴ്ചകളിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത രീതിയും വിശകലനം ചെയ്താണ് ആരോഗ്യവിദഗ്ധർ അടക്കം നിഗമനങ്ങളിൽ എത്തുന്നത്.

പുടിന്‍റെ കൈകൾ വിറയ്ക്കുന്നതായി കാണാവുന്ന നിരവധി ദൃശ്യങ്ങൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്‍റെ മുഖം ഏതെങ്കിലും തരത്തിലുള്ള സൗന്ദര്യ വർധക ശസ്ത്രക്രിയയ്ക്കു വിധേയമായതായി ചിലർ സംശയിക്കുന്നു.

സിഡ്നിയിൽ താമസിക്കുന്ന ഒരു കോസ്മെറ്റിക് ഡോക്ടർ പുടിന്‍റെ പഴയതും പുതിയതുമായ രണ്ടു ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തിൽ അദ്ദേഹം കൂടുതൽ ചെറുപ്പമായതായാണ് കാണപ്പെടുന്നതെന്നാണ് ഡോക്ടറുടെ അടിക്കുറിപ്പ് സൂചിപ്പിക്കുന്നത്.

പ്രസിഡന്‍റ് പുടിൻ നേരത്തെ തന്നെ ബോട്ടോക്സ്, കവിൾ ഫില്ലറുകൾ, താടി, ഐ ലിഫ്റ്റ് എന്നിങ്ങനെയുള്ള സൗന്ദര്യ വർധക പരിപാടികൾക്കു വിധേയനായതായി നിരവധി കിംവദന്തികൾ പ്രചരിച്ചിരുന്നു. തന്‍റെ കർശനക്കാരൻ എന്ന പ്രതിച്ഛായ വർധിപ്പിക്കാനും തന്‍റെ പ്രായത്തെ മറച്ചുവയ്ക്കാനുമാണ് അദ്ദേഹം ഇതു ചെയ്തതെന്നാണ് ചിലരുടെ കണ്ടെത്തൽ.